ഐ എസ് എല്ലിൽ അടുത്ത സീസണിലും തിളങ്ങാനുള്ള ഒരുക്കം എഫ് സി ഗോവ തുടങ്ങി. ഈ സീസണിൽ ഫൈനൽ വരെ തങ്ങളെ എത്തിച്ച ടീമിലെ പ്രധാന ഭാഗങ്ങളായിരുന്ന മൂന്ന് വിദേശ താരങ്ങളുടെ കരാർ ഗോവ പുതുക്കി. ഡിഫൻഡറായ മർറ്റോഡ ഫാൾ, മിഡ്ഫീൽഡർമാരായ എഡു ബേഡിയ, ഹ്യൂഗോ ബോമസ് എന്നിവരുടെ കരാർ ആണ് ഗോവ പുതുക്കിയത്. മൂവരും ഒരു വർഷത്തേക്കുള്ള കരാറാണ് ഒപ്പിട്ടത്.
ഈ കഴിഞ്ഞ ഐ എസ് എല്ലിൽ ഗോവയുടെ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ച താരമായിരുന്നു എഡു ബേഡിയ. ലാൻസരോട്ടെയുടെ അഭാവം ഗോവയ്ക്ക് തോന്നാത്ത വിധത്തിൽ ഒരു പ്രകടനമാണ് എഡു ബേഡിയ ഈ സീസണിൽ നടത്തിയത്. ഏഴു ഗോളുകളും ആറ് അസിസ്റ്റും ബേഡിയക്ക് ഉണ്ട്.
ഹ്യൂഗോ ബോമസും ഇത്തവണ ഗോവൻ അറ്റാക്കിന് മിഡ്ഫീൽഡിൽ നിന്ന് കരുത്ത് പകർന്ന താരമാണ്. മൂന്നു ഗോളുകളും അഞ്ച് അസിസ്റ്റും ബോമസിന്റെ പേരിൽ ഉണ്ട്. മൊർറ്റാഡ ഫാൾ ആകട്ടെ ഈ സീസണിലെ ഗോവയുടെ ഏറ്റവും മികച്ച താരങ്ങളിൽ ഒന്നായിരുന്നു. ഗോവൻ ഡിഫൻസ് അതിശക്തമായി മാറുന്നതിൽ ഫാളിന്റെ പങ്ക് വലുതായിരുന്നു. ഡിഫൻസിൽ മാത്രമല്ല ഇടക്ക് നിർണായക ഗോൾ നേടാനും ഫാളിനായിട്ടുണ്ട്.