ജർമ്മൻ ഫുട്ബോൾ ആരാധകർക്ക് നിരാശ. 2020-21 ബുണ്ടസ് ലീഗ സീസൺ ഓപ്പണറായ ബയേൺ മ്യൂണിക്ക് – ഷാൽകെ പോരാട്ടത്തിന് കാണികൾക്ക് വിലക്ക്. 7500 ഓളം ആരാധകരെ സ്റ്റേഡിയത്തിൽ എത്തിക്കുമെന്ന് ക്ലബ്ബുകൾ ഉറപ്പ് നൽകിയതിന് പിന്നാലെയാണ് ആരാധകരെ സ്റ്റേഡിയത്തിൽ നിന്നും ബാൻ ചെയ്ത വിവരം പുറത്ത് വരുന്നത്. കൊറോണ വൈറസ് ബാധയെ പിടിച്ച് കെട്ടാനായില്ലെങ്കിലും കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് ആരാധകരെ സ്റ്റേഡിയത്തിൽ എത്തിക്കാനാകും എന്ന പ്രതീക്ഷയിലായിരുന്നു ജർമ്മൻ ക്ലബ്ബുകൾ. ആ പ്രതീക്ഷകൾക്കാണ് ഇപ്പോൾ തിരിച്ചടി നേരിട്ടിരിക്കുന്നത്.
കൊറോണ വൈറസ് ബാധയെ തുടർന്ന് തന്നെ പല ക്ലബ്ബുകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. കാണികളില്ലാതെ അടച്ചിട്ട സ്റ്റേഡിയത്തിൽ കളിക്കുന്നത് ക്ലബ്ബുകൾക്ക് കൂടുതൽ നഷ്ടം സഹിക്കേണ്ടിയും വരും. കഴിഞ്ഞ സീസണിൽ ജർമ്മൻ കപ്പും ബുണ്ടസ് ലീഗയും ഉയർത്തിയതിന് പിന്നാലെ യൂറോപ്യൻ ചാമ്പ്യന്മാരായാണ് ബയേൺ സീസൺ അവസാനിപ്പിച്ചത്. കരുത്തരായ ഷാൽകെയാണ് ആദ്യമത്സരത്തിൽ ബയേണിന്റെ എതിരാളികൾ. 19ആം തീയ്യതി രാത്രി 12നാണ് കിക്കോഫ്.