ഫഖാർ സമാൻ: ഈ പേര് ആദ്യമായി ശ്രദ്ധിക്കുന്നത് കഴിഞ്ഞ കൊല്ലത്തെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ആണ്. ക്വയ്‌ദ്-ഇ-അസം ട്രോഫിയിലെ 2016-2017 സീസണിലെ മികച്ച പ്രകടനം വഴി കഴിഞ്ഞ മാർച്ചിലാണ് ഫഖാറിന്റെ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനുവേണ്ടിയുള്ള അരങ്ങേറ്റം, വെസ്റ്റിൻഡീസിനെതിരെ.
സ്വന്തം നാട്ടിൽ കളിയ്ക്കാൻ ഭാഗ്യമില്ലാത്ത ഒരു തലമുറ പാകിസ്ഥാൻ കളിക്കാരുടെ ടീമിലേക്ക് മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കയറിവന്ന ഫഖാറിന് വെല്ലുവിളികൾ പലതായിരുന്നു. സയീദ് അന്വറിന് ശേഷം ഓപ്പണിങ് സ്ഥാനത്ത് സ്ഥിരതയാർന്ന പ്രകടനങ്ങൾ ഏകദിനത്തിൽ കാഴ്ചവെച്ച പാകിസ്ഥാൻ ബാറ്റസ്മാൻമാർ വളരെ വിരളം. പോരാത്തതിന് വൺ സീസൺ വണ്ടേഴ്സ് എന്ന പേരിൽ നല്ലൊരു കൂട്ടം കളിക്കാർ അവിടെ ഉണ്ട്.
കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഫൈനലിൽ തകർക്കാൻ കാരണമായത് ഫഖാറിന്റെ മികച്ച പ്രകടനമായിരുന്നു. ബുമ്രയുടെ നോബോളിൽ പുറത്തായത് ഒഴികെ കാര്യമായി പിഴവുകൾ വരുത്താത്ത ഒരു ഇന്നിംഗ്സ് ആയിരുന്നു അത്.
ഇന്ന് സിംബാബ്‌വെയ്ക്കെതിരായ ഡബിൾ സെഞ്ച്വറി നേടി ബാറ്റിംഗ് കഴിയുമ്പോൾ 17 ഇന്നിങ്‌സുകൾ കളിച്ചിട്ടുണ്ട് ഫഖാർ. അതിൽ കേവലം ഒരു ഇന്നിങ്സിൽ 2 റൺസിന് പുറത്തായത് ഒഴികെ വെറും 4 ഇന്നിങ്‌സുകൾ മാത്രമാണ് 30 റൺസിൽ താഴെ നേടി അദ്ദേഹം പുറത്തായിട്ടുള്ളത്. T20യിലും 21 ഇന്നിംഗ്സ് കളിച്ചപ്പോൾ 6 എണ്ണത്തിൽ മാത്രമാണ് 10 റൺസ് നേടാൻ കഴിയാതെ പോയത്. ഏകദിന ആവറേജ് 75.38, സ്ട്രൈക്ക് റേറ്റ് 101.87. T20 ആവറേജ് 30.76, സ്ട്രൈക്ക് റേറ്റ് 143.55.
അടുത്ത ലോകകപ് ലക്‌ഷ്യം വെച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ടീം ശരിയായ ദശയിലാണ് ഇപ്പോൾ സഞ്ചരിക്കുന്നതെന്ന് നിസ്സംശയം പറയാം. സർഫറാസ് അഹമ്മദ് എന്ന ഒരു സംസാരുവാലുവായ പ്രചോദിപ്പിക്കുന്ന നായകൻ ഉള്ളപ്പോൾ നല്ല പ്രകടനങ്ങൾ ഉണ്ടാവാനുള്ള സാധ്യത കൂടുതൽ തന്നെയാണ്. അതിൽ ഏറ്റവും പ്രധാന ഭാഗമാവാൻ ഫഖാറും ഉണ്ടാവും എന്ന കാര്യത്തിൽ തർക്കമില്ലെന്ന് തന്നെ കരുതാം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial