എഫ് എ കപ്പിൽ ഇന്ന് നടന്ന ആവേശകരമായ മൂന്നാം റൗണ്ട് പോരാട്ടത്തിൽ ആഴ്സണലിനെ എമിറേറ്റ്സിൽ ചെന്ന് തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് . പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ടു നിന്ന പോരാട്ടത്തിന് ഒടുവിലായിരുന്നു വിജയം. മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിന്റെ 60ആം മിനുറ്റ് മുതൽ 10 പേരുമായി കളിച്ചാണ് കളി എക്സ്ട്രാ ടൈം വരെ എത്തിച്ചത്.
ഇന്ന് എമിറേറ്റ്സിൽ കരുതലോടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരംഭിച്ചത്. അവർ കൃത്യമായ ടാക്റ്റിക്കൽ ഷെയ്പ്പ് കാത്ത് ആഴ്സണലിന്റെ നീക്കങ്ങളെ തടഞ്ഞു. ആദ്യ പകുതിയിൽ ഇരു ടീമുകളും ഒരു നല്ല അവസരം സൃഷ്ടിക്കാൻ പാടുപ്പെട്ടു.
രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്സണലിനെ ഞെട്ടിച്ചു കൊണ്ട് ലീഡ് എടുത്തു. 52ആം മിനുറ്റിൽ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രൂണോ ഫെർണാണ്ടസിലൂടെ ലീഡ് എടുത്തത്. ഗർനാചോയുടെ ഒരു പാസ് ഫസ്റ്റ് ടച്ച് ഫിനിഷിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ വലയിൽ എത്തിക്കുക ആയിരുന്നു. സ്കോർ 1-0
ഈ ഗോളിന് തൊട്ടു പിന്നാലെ സമനില നേടാൻ ആഴ്സണലിന് അവസരം ഉണ്ടായിരുന്നു. എന്നാൽ ഹവേർട്സിന് അവസരം മുതലെടുക്കാൻ ആയില്ല.
61ആം മിനുറ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുൾബാക്ക് ഡാലോട്ട് രണ്ടാം മഞ്ഞ കാർഡ് കണ്ട് പുറത്തായത് കളിയിൽ വഴിത്തിരിവായി. പിന്നാലെ 63ആം മിനുറ്റിൽ ആഴ്സണൽ സമനില കണ്ടെത്തി. ഡിഫൻഡർ ഗബ്രിയേൽ ആണ് ആഴ്സണലിന് സമനില നൽകിയത്. സ്ക്കൊർ 1-1.
ആഴ്സണൽ തുടരെ ആക്രമണം നടത്താൻ തുടങ്ങിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് തീർത്തും ഡിഫൻഡിംഗിലേക്ക് നീങ്ങി. 68ആം മിനുറ്റിൽ വീണ്ടും റഫറി മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെ വിധി വന്നു. ഹവേർട്സ് പെനാൽറ്റി ബോക്സിൽ വീണതിന് റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി.
ഒഡെഗാർഡ് എടുത്ത പെനാൽറ്റി തടഞ്ഞ് മാഞ്ചസ്റ്റർ യുണൈറ്റഡ് കീപ്പർ ബയിന്ദർ യുണൈറ്റഡിനെ രക്ഷിച്ചു. 75ആം മിനുറ്റിൽ വീണ്ടും ബയിന്ദർ രക്ഷനായി. ഡക്ലൻ റൈസിന്റെ ഗോൾ പോസ്റ്റിന് തൊട്ടു മുമ്പ് നിന്നുള്ള ഹെഡറും യുണൈറ്റഡ് ഗോൾ കീപ്പർ സേവ് ചെയ്തു.
87ആം മിനുറ്റിൽ ഹവേർട്സിന് വീണ്ടും ഒരു സുവർണ്ണാവസരം ലഭിച്ചു. അതും ടാർഗറ്റിലേക്ക് അടിക്കാൻ ഹവേർട്സിനായില്ല. 95ആം മിനുറ്റിൽ ഡക്ലൻ റൈസിന്റെ ഗോളെന്ന് ഉറച്ച ഷോട്ടും ബയിന്ദർ സേവ് ചെയ്തു.
90 മിനുട്ടും 7 ഇഞ്ച്വറി മിനുറ്റും കഴിഞ്ഞിട്ടും സമനില തുടർന്നതോടെ കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ ആഴ്സണൽ അറ്റാക്കുകൾ സമർത്ഥമായി തടയാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായി. സ്കോർ 1-1 എന്ന് തുടർന്നു.
എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയുടെ തുടക്കത്തിൽ സിർക്സിയുടെ ഷോട്ട് സേവ് ചെയ്ത് കൊണ്ട് റയ കളി സമനിലയിൽ നിർത്തി. 120 മിനുറ്റ് കഴിഞ്ഞിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 10 പേരെ മറികടക്കാൻ ആഴ്സണലിനായില്ല. കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി.
പെനാൽറ്റിയിൽ ആദ്യ കിക്ക് എടുത്ത ബ്രൂണോ പന്ത് വലയിൽ എത്തിച്ചു. ഒഡെഗാർഡ് ആണ് ആഴ്സണലിന്റെ ആദ്യ കിക്ക് എടുത്തത്. ഇത്തവണ ഒഡെഗാർഡിന് പിഴച്ചില്ല. സ്കോർ 1-1. അമദ് ദിയാലോ യുണൈറ്റഡിന്റെ രണ്ടാം കിക്ക് വലയിൽ എത്തിച്ചു. ഹവേർട്സ് ആണ് ആഴ്സണലിന്റെ രണ്ടാം കിക്ക് എടുത്തത്. ഹവേർട്സിന്റെ കിക്ക് ബയിന്ദർ തടഞ്ഞ് മാഞ്ചസ്റ്റർ യുണൈറ്റഡിന് അഡ്വാന്റേജ് നൽകി. സ്കോർ 2-1.
ലെനി യോറോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മൂന്നാം കിക്ക് വലയിലേക്ക് എത്തിച്ചു. ഡക്ലൻ റൈസ് ആഴ്സണലിന്റെ അടുത്ത കിക്ക് വലയിൽ എത്തിച്ചു. സ്കോർ 3-2. ലിസാൻഡ്രോ മാർട്ടിനസ് ആണ് യുണൈറ്റഡിന്റെ നാലാം കിക്ക് എടുത്തത്. മാർട്ടിനസിന് പിഴച്ചില്ല. യുണൈറ്റഡിന്റെ നാല പെനാൽറ്റിയും ലക്ഷ്യത്തിൽ.
ആഴ്സണലിന്റെ നാലാം കിക്ക് എടുത്തത് തോമസ് പാർട്ടെ. ആ കിക്ക് വലയിൽ. സ്കോർ 4-3. യുണൈറ്റഡിന്റെ അവസാന കിക്ക് എടുക്കാൻ എത്തിയത് സിർക്സി ആയിരുന്നു. സിർക്സി കിക്ക് വലയിൽ എത്തിച്ച് യുണൈറ്റഡിനെ നാലാം റൗണ്ടിലേക്ക് എത്തിച്ചു.