ആവേശം കൊണ്ടു ത്രില്ലടിപ്പിക്കുന്നത് തുടർന്ന് ഈ വർഷത്തെ യൂറോ കപ്പ്. യൂറോ കപ്പ് ക്വാർട്ടർ ഫൈനൽ എന്ന സ്വപ്ന നേട്ടം കൈവരിച്ചു ഉക്രൈൻ. അധിക സമയത്ത് 121 മത്തെ മിനിറ്റിൽ ആണ് ആവേശകരമായ പോരാട്ടത്തിൽ സ്വീഡന് മേൽ ഉക്രൈൻ വിജയഗോൾ നേടുന്നത്. ഉക്രൈൻ ഇതിഹാസ താരവും പരിശീലകനും ആയ ആന്ദ്രസ് ഷെവ്ഷെങ്കോ 116 മത്തെ മിനിറ്റിൽ നടത്തിയ മാറ്റം ആണ് ഉക്രൈനു വിജയഗോൾ സമ്മാനിച്ചത്. അപ്പോൾ കളത്തിൽ എത്തിയ ഡോവ്ബിക് ഇടതു ബാക്ക് സിൻചെങ്കോ നൽകിയ എണ്ണം പറഞ്ഞ ക്രോസിൽ നിന്നു ഹെഡറിലൂടെ ഉക്രൈനു വിജയഗോൾ സമ്മാനിക്കുക ആയിരുന്നു. ഇതോടെ ഉക്രൈൻ താരങ്ങളും ആരാധകരും സ്വർഗ്ഗം കണ്ടു. ഇരു ടീമുകളും സകലതും മറന്നു പൊരുതിയ മത്സരത്തിൽ 90 മിനിറ്റിൽ 1-1 നു സമനിലയിൽ പിരിഞ്ഞതിനെ തുടർന്ന് അധികസമയത്തിലേക്ക് കളി നീളുക ആയിരുന്നു. അധിക സമയത്ത് 10 പേരായി ചുരുങ്ങിയ സ്വീഡൻ തുടർന്ന് പ്രതിരോധത്തിൽ ആയി. വർഷങ്ങൾക്ക് ശേഷം ആണ് ഉക്രൈൻ ഒരു പ്രധാന ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ എത്തുന്നത്.
ആദ്യമായാണ് ഉക്രൈൻ ഒരു യൂറോ കപ്പിന്റെ അവസാന എട്ടിൽ ഇടം പിടിക്കുന്നത്.
ആദ്യ മിനിറ്റ് മുതൽ ആവേശം പകർന്ന മത്സരത്തിൽ ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങൾ ആണ് നടത്തിയത്. ഇതിന്റെ ഫലം ആയിരുന്നു ആദ്യ പകുതിയുടെ 27 മത്തെ മിനിറ്റിൽ മാഞ്ചസ്റ്റർ സിറ്റി താരം സിൻചെങ്കോ ഉക്രൈനെ മുന്നിലെത്തിച്ചത്. ആന്ദ്ര യമലങ്കോ നൽകിയ മനോഹരമായ പാസിൽ നിന്നു മികച്ച വോളിയിലൂടെ സിൻചെങ്കോ ഓൾസനെ മറികടന്നു ഉക്രൈനു ആദ്യ ഗോൾ സമ്മാനിച്ചു. ടൂർണമെന്റിൽ യമലങ്കോ ഉക്രൈനായി ഗോൾ അല്ലെങ്കിൽ അസിസ്റ്റ് ആയി ഭാഗമാകുന്ന നാലാം ഗോൾ ആയി ഇത്. സ്വീഡൻ നന്നായി കളിച്ചു എങ്കിലും ഉക്രൈൻ പ്രത്യാക്രമണങ്ങൾ സ്വീഡന് ബുദ്ധിമുട്ട് നൽകി. അലക്‌സാണ്ടർ ഇസാക്, ഫോർസ്ബർഗ്, കുലുസെവ്സ്കി എന്നിവർ ഉക്രൈനു പ്രശ്നങ്ങൾ സൃഷ്ടിച്ചു. ഇതിന്റെ ഫലം ആയിരുന്നു അലക്‌സാണ്ടർ ഇസാക്കിന്റെ പാസിൽ നിന്നു എമിൽ ഫോർസ്ബർഗ് 43 മിനിറ്റിൽ നേടിയ സമനില ഗോൾ. ഈ യൂറോയിൽ ഫോർസ്ബർഗ് നേടുന്ന നാലാം ഗോൾ ആയിരുന്നു ഇത്.
ആവേശം വാനോളം എത്തിയ രണ്ടാം പകുതിയിൽ ഇരു ടീമുകളും സ്വപ്ന സമാനമായ ഫുട്‌ബോൾ ആണ് കളിച്ചത്. യമലങ്കോ നൽകിയ പന്തിൽ മികച്ച ഷോട്ട് ഉതിർത്ത സിയഡ്രോചുക് ഉക്രൈനായി ഗോൾ നേടിയെന്ന് തോന്നിയെങ്കിലും ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. മറുപുറത്ത് മനോഹരമായ നീക്കത്തിന് ഒടുവിൽ ഇസാക്കിന്റെ പാസിൽ നിന്നു ഫോർസ്ബർഗ് ഉതിർത്ത ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. കുറച്ചു നിമിഷങ്ങൾക്ക് ശേഷം വിക്ടർ ലിന്റലോഫ് നൽകിയ പാസിൽ നിന്നു മനോഹരമായ നീക്കത്തിന് ഒടുവിൽ ഫോർസ്ബർഗ് ഉതിർത്ത ബുള്ളറ്റ് ഷോട്ട് ബാറിൽ തട്ടിയാണ് മടങ്ങിയത്. ഇടക്ക് ഇരു ഗോൾ കീപ്പറുമാരും തങ്ങളുടെ ടീമിന്റെ രക്ഷക്ക് എത്തി. അവസാന മിനിറ്റിൽ കുലുസെവ്സ്കിക്ക് ലഭിച്ച സുവർണാവസരം സബർൻയി അതുഗ്രൻ ബ്ലോക്കിലൂടെ രക്ഷിച്ചെടുത്തു. 90 മിനിറ്റിലും സമനില തുടർന്നതോടെ മത്സരം അധികസമയത്തിലേക്ക്.
അധികസമയത്തിന്റെ തുടക്കത്തിൽ തന്നെ മുന്നേറ്റത്തിൽ മൂന്നു മാറ്റങ്ങൾ ആണ് സ്വീഡിഷ് പരിശീലകൻ നടത്തിയത്. എന്നാൽ തൊട്ടടുത്ത നിമിഷം ബെസഡിനു എതിരെ അപകടകരമായ ഫോൾ നടത്തിയ സ്വീഡിഷ് പ്രതിരോധ താരം ഡാനിയൽസൻ വാർ പരിശോധനക്ക് ശേഷം ചുവപ്പ് കാർഡ് കണ്ടു. അത് വരെ ജയിക്കാൻ ആയി ആക്രമിച്ചു കളിച്ച സ്വീഡൻ ഇതോടെ പ്രതിരോധത്തിൽ ആയി. ഈ അവസരം മുതലെടുത്ത് ഷെവ്ഷെങ്കോ നടത്തിയ മാറ്റങ്ങൾ ആണ് ഉക്രൈനു സ്വപ്ന ജയം സമ്മാനിച്ചത്. അധിക സമയത്ത് മുഖ്യ താരം യമലങ്കോ പരിക്കേറ്റു പുറത്ത് പോയപ്പോൾ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത സിൻചെങ്കോ ടീമിനെ മുന്നിൽ നിന്നു നയിക്കുന്ന കാഴ്ച അവിസ്മരണീയമായിരുന്നു. ഗോൾ അടിച്ചും അടിപ്പിച്ചും സിൻചെങ്കോ തന്നെയാണ് ഉക്രൈനു ജയം സമ്മാനിച്ചത്. മികച്ച മൂന്നാം സ്ഥാനക്കാർ ആയി അവസാന പതിനാറിൽ എത്താൻ പോളണ്ടിന് എതിരെ സ്വീഡൻ അടിച്ച ഗോൾ ആണ് ഉക്രൈനെ സഹായിച്ചത്. ആ ഉക്രൈൻ തന്നെ നിലവിൽ സ്വീഡന് മടക്ക ടിക്കറ്റ് നൽകിയത് വിരോധാഭാസം ആയി. ഷെവ്ഷെങ്കോ കളിച്ച കാലത്തെ ഉക്രൈൻ സുവർണ തലമുറ നേട്ടം ആവർത്തിക്കുന്ന ഈ ഉക്രൈൻ ടീം ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെ ആണ് നേരിടുക. തോറ്റെങ്കിലും ടൂർണമെന്റിലെ തന്നെ മികച്ച ഫുട്‌ബോൾ കളിച്ച സ്വീഡൻ തല ഉയർത്തി തന്നെയാണ് മടങ്ങുക.