യൂറോ കപ്പിൽ ഗ്രൂപ്പ് ഡിയിൽ മൂന്നാം മത്സരത്തിൽ ചെക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നു ഇംഗ്ലീഷ് പട. ഇതോടെ ഗ്രൂപ്പിൽ 2 ജയവും ഒരു സമനിലയും ആയി ഗ്രൂപ്പ് ജേതാക്കൾ ആവാനും ഇംഗ്ലണ്ടിന് ആയി. സ്‌കോട്ട്‌ലൻഡിനു എതിരായ മോശം മത്സരത്തിൽ വലിയ വിമർശനം നേരിട്ട ഇംഗ്ലീഷ് ടീമും റഹീം സ്റ്റെർലിങ്ങും ഇന്ന് പ്രകടനം കൊണ്ടാണ് മറുപടി പറഞ്ഞത്. ഒന്നാം പകുതിയിൽ 12 മത്തെ മിനിറ്റിൽ റഹീം സ്റ്റെർലിങ് നേടിയ ഏക ഗോൾ ആണ് ഇംഗ്ലണ്ടിന് ജയം സമ്മാനിച്ചത്. ഈ യൂറോയിൽ സ്റ്റെർലിങിന്റെയും ഇംഗ്ലണ്ടിന്റെയും രണ്ടാം ഗോൾ ആണ് ഇത്. നിരവധി മാറ്റവും ആയി കളത്തിൽ ഇറങ്ങിയ ഇംഗ്ലണ്ട് ജാക്ക് ഗ്രീലിഷ്, ബുകയോ സാക്ക, ഹാരി മക്വയർ തുടങ്ങിയ താരങ്ങൾക്ക് ആദ്യ പതിനൊന്നിൽ ഇടം നൽകി. ഇതിനുള്ള ഫല ആയിരുന്നു ഇംഗ്ലണ്ട് നേടിയ ഗോൾ.
സാക്കയുടെ മികച്ച മുന്നേറ്റം നൽകിയ അവസരത്തിൽ നിന്നു മികച്ച ക്രോസ് നൽകിയ ജാക്ക് ഗ്രീലിഷ് സ്റ്റെർലിങിനു ആയി അവസരം തുറന്നു. ഹെഡറിലൂടെ പന്ത് വലയിലെത്തിച്ച സ്റ്റെർലിങ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. എന്നാൽ ഗോൾ നേടിയ ശേഷം ഇംഗ്ലണ്ട് പതിവ് പോലെ മെല്ലെ പോക്ക് ഫുട്‌ബോൾ തന്നെയാണ് പുറത്ത് എടുത്തത്. പന്ത് അധിക സമയം കൈവശം വച്ചു എങ്കിലും വലിയ അവസരം ഒന്നും ഇംഗ്ലണ്ട് തുറന്നില്ല. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ഹെന്റഴ്സൻ നേടിയ ഗോൾ ഓഫ് സൈഡ് ആയി മാറി. അതേസമയം രണ്ടാം പകുതിയിൽ ആദ്യമായി സൂപ്പർ സ്റ്റാർ സാഞ്ചോക്കും സൗത്ത്ഗേറ്റ് ഇന്ന് അവസരം നൽകി. ഇംഗ്ലണ്ടിനോട് തോൽവി വഴങ്ങിയതിനൊപ്പം ക്രൊയേഷ്യ സ്‌കോട്ട്‌ലൻഡിനെ 3-1 നു മറികടന്നതോടെ ചെക് റിപ്പബ്ലിക് ഗ്രൂപ്പിൽ മൂന്നാമത് ആയി. എങ്കിലും 4 പോയിന്റുകൾ ഉള്ള അവർ അവസാന പതിനാറിൽ ഇടം കണ്ടത്തി. മത്സരം നിരാശ നൽകുന്നത് ആണെങ്കിലും ഗ്രീലിഷ്, സാക്ക തുടങ്ങിയവരുടെ പ്രകടനം ഇംഗ്ലീഷ് ആരാധകർക്ക് പ്രതീക്ഷ നൽകുന്നത് ആണ്.