അവസാന ഒരു മാസമായി ഫുട്ബോൾ പ്രേമികളുടെ ആവേശമായിരുന്ന കോപ അമേരിക്ക ടൂർണമെന്റും യൂറോ കപ്പും അവസാനിച്ചു. ഗോൾ കപ്പ് നടന്നു കൊണ്ടിരിക്കുന്നു എങ്കിലും ഒളിമ്പിക്സ് ഫുട്ബോൾ വരാൻ ഉണ്ട് എങ്കിലും ഫുട്ബോൾ പ്രേമികൾ പതിയെ അവരുടെ ശ്രദ്ധ ക്ലബ് ഫുട്ബോൾ ലോകത്തേക്ക് മാറ്റുകയാണ്. യൂറോപ്പിലെ പ്രധാന ക്ലബുകൾ ഒക്കെ അവരുടെ പ്രീസീസൺ ആരംഭിച്ചു കഴിഞ്ഞു. ഈ ആഴ്ച മുതൽ പല ക്ലബുകളും സന്നാഹ മത്സരങ്ങളും ആരംഭിക്കും.
ഓഗസ്റ്റ് 8ന് ഫ്രഞ്ച് ലീഗിലെ പോരാട്ടങ്ങൾ തുടങ്ങും. ഓഗസ്റ്റ് 14നാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗും സ്പാനിഷ് ലീഗും ബുണ്ടസ് ലീഗയും ആരംഭിക്കുന്നത്. അതിനു മുമ്പ് ഇംഗ്ലണ്ടിൽ കമ്മ്യൂണിറ്റി ഷീൽഡ് നടക്കുന്നുണ്ട്. അവിടെ ലെസ്റ്റർ സിറ്റിയും മാഞ്ചസ്റ്റർ സിറ്റിയും ആണ് കിരീടത്തിനായി നേർക്കുനേർ വരുന്നത്. സീരി എ ഓഗസ്റ്റ് 22ന് മാത്രമെ ആരംഭിക്കുകയുള്ളൂ. സീസൺ ആരംഭിക്കും വരെ ട്രാൻസ്ഫർ വാർത്തകൾ ഫുട്ബോൾ പ്രേമികൾക്ക് ഊർജ്ജമാകും. ഇന്ത്യയിൽ ഫുട്ബോൾ സീസൺ തുടങ്ങാൻ ഇനിയും മാസങ്ങൾ ഉണ്ട്. കൊൽക്കത്ത ഫുട്ബോൾ ലീഗും സെക്കൻഡ് ഡിവിഷൻ ഐ ലീഗും ഒപ്പം ഡ്യൂറണ്ട് കപ്പും ഉടൻ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എ എഫ് സി കപ്പിലെ ഇന്ത്യൻ ക്ലബുകളുടെ മത്സരങ്ങൾ ഇപ്പോഴും കൊറോണ ഭീഷണിയിൽ തന്നെ നിൽക്കുകയാണ്. ഐ എസ് എല്ലും ഐ ലീഗും ആരംഭിക്കും വരെ ഇന്ത്യൻ ഫുട്ബോൾ പ്രേമികളുടെ പ്രധാന ശ്രദ്ധ യൂറോപ്പിൽ തന്നെയാകും.