1996 ൽ യൂറോ കപ്പിൽ ഇറ്റലിക്ക് ആയി ചെക് റിപ്പബ്ലിക്കിനു എതിരെ ഗോൾ നേടിയ എൻറികോ കിയെൽസ ആ ഗോൾ നേടി ഏതാണ്ട് 25 വർഷങ്ങൾക്ക് ശേഷം മകൻ ഫെഡറികോ കിയെൽസ യൂറോ കപ്പിൽ ഇറ്റലിക്ക് ആയി ഗോൾ നേടുക ആണ്. ഇന്ന് നിർണായകമായ പ്രീ ക്വാർട്ടർ മത്സരത്തിൽ ഓസ്ട്രിയക്ക് വെമ്പ്ലിയിൽ എതിരെ അധിക സമയത്തിന്റെ അഞ്ചാം മിനിറ്റിൽ കിയെൽസ നേടിയ ഗോൾ പെനാൽട്ടി ഷൂട്ട് ഔട്ടിലേക്ക് പോകും എന്ന് കരുതിയ മത്സരത്തിന്റെ ഗതി തന്നെ മാറ്റി. ഇതോടെ അച്ഛന് ശേഷം യൂറോ കപ്പിൽ ഗോൾ കണ്ടത്തുന്ന മകൻ എന്ന അപൂർവ റെക്കോർഡ് നേട്ടത്തിന് യുവന്റസ് താരം അർഹനായി. ഇത് ചരിത്രത്തിൽ ആദ്യമായാണ് യൂറോ കപ്പിൽ ഒരു അച്ഛനും പിന്നീട് മകനും ഗോളുകൾ നേടുന്നത്. 1996 ൽ ആൻഫീൽഡിൽ അച്ഛൻ ഇറ്റലിക്ക് ആയി ഗോൾ നേടുമ്പോൾ 23 കാരനായ മകൻ ഫെഡറികോ ജനിച്ചിട്ടു കൂടിയുണ്ടായിരുന്നില്ല.
ഇംഗ്ലണ്ടിൽ ആണ് അച്ഛനും മകനും യൂറോയിൽ ഗോൾ നേടിയത് എന്നതും അപൂർവത ആയി. കിയെൽസയുടെയും പെസിനയുടെയും മികവിൽ ഓസ്ട്രിയയെ 2-1 നു അധിക സമയത്ത് മറികടന്ന ഇറ്റലി ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു. ക്വാർട്ടർ ഫൈനലിൽ ബെൽജിയം, പോർച്ചുഗൽ മത്സരവിജയിയെ ആണ് ഇറ്റലി നേരിടുക. നിലവിൽ ഫിയോരന്റീനയിൽ നിന്നു യുവന്റസിനായി വായ്പ അടിസ്ഥാനത്തിൽ കളിക്കുന്ന കിയെൽസെ പകരക്കാരൻ ആയി ഇറങ്ങിയാണ് ഗോൾ നേടിയത്. 2018 ൽ ഇറ്റലിക്ക് ആയി അരങ്ങേറിയ താരത്തിന്റെ 29 മത്സരത്തിലെ രണ്ടാം ഗോൾ ആയിരുന്നു ഓസ്ട്രിയക്ക് എതിരെ പിറന്നത്. മികച്ച മുന്നേറ്റനിരക്കാരൻ ആയി പേരെടുത്ത അച്ഛൻ എൻറികോ കിയെൽസ ഇറ്റലിക്ക് ആയി 22 മത്സരങ്ങളിൽ 7 ഗോളുകൾ നേടിയ താരം ആണ്. 3 സീരി എ കിരീടങ്ങൾ മൂന്നു ടീമുകളിൽ ആയും എൻറികോ നേടിയിട്ടുണ്ട്, പിന്നീട് പരിശീലന രംഗത്തേക്കും എൻറികോ തിരിഞ്ഞു. ഇതിനകം തന്നെ അച്ഛനെക്കാൾ മികച്ച താരം എന്നു പേരു കേട്ട ഫെഡറികോ കിയെൽസ കൂടുതൽ ഉയരങ്ങൾ തന്നെയാണ് ലക്ഷ്യം വക്കുന്നത്.