ഓയിന്‍ മോര്‍ഗനും കെയിന്‍ വില്യംസണും ഏറ്റവും മികച്ച ക്യാപ്റ്റന്മാര്‍

Sports Correspondent

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാര്‍ ഓയിന്‍ മോര്‍ഗനും കെയിന്‍ വില്യംസണും ആണെന്ന് അഭിപ്രായപ്പെട്ട് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍. ഏകദിനത്തില്‍ ഇംഗ്ലണ്ടിന്റെ ഓയിന്‍ മോര്‍ഗനും ടെസ്റ്റ് ക്രിക്കറ്റില്‍ ന്യൂസിലാണ്ടിന്റെ കെയിന്‍ വില്യംസണും ആണ് മികച്ച ക്യാപ്റ്റന്മാരെന്ന് നാസര്‍ ഹുസൈന്‍ പറഞ്ഞു. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇംഗ്ലണ്ട് നായകന്‍ സമ്മര്‍ദ്ദമില്ലാതെ നില കൊള്ളുന്നതാണ് കണ്ടതെന്നും ഹുസൈന്‍ പറഞ്ഞു.

2015 ലോകകപ്പ് പരാജയത്തിന് ശേഷം ചുമതലയേറ്റ മോര്‍ഗന്‍ പിന്നീട് ഇംഗ്ലണ്ടിനെ ലോകകിരീടത്തിലേക്ക് നയിക്കുന്നതാണ് ഏവരും കണ്ടത്. എന്നാല്‍ ലോകകപ്പ് ജയിച്ചു എന്നത് കൊണ്ടല്ല താന്‍ മോര്‍ഗനെ മികച്ച ക്യാപ്റ്റനായി തിരഞ്ഞെടുത്തതെന്ന് നാസര്‍ ഹുസൈന്‍ വ്യക്തമാക്കി. വൈറ്റ് ബോള്‍ ക്രിക്കറ്റെന്നാല്‍ ഇപ്പോള്‍ ബാറ്റ്സ്മാന്മാര്‍ സംഹാരതാണ്ഡവമാടുന്ന ഫോര്‍മാറ്റാണ്, അപ്പോളും സമ്മര്‍ദ്ദമില്ലാതെ നിലകൊള്ളുന്ന ക്യാപ്റ്റനാണ് മോര്‍ഗനെന്ന് മുന്‍ ഇംഗ്ലണ്ട് താരവും ഇപ്പോള്‍ കമന്റേറ്ററായും പ്രവര്‍ത്തിക്കുന്ന നാസര്‍ ഹുസൈന്‍ വ്യക്തമാക്കി.

വിരാട് കോഹ്‍ലിയെക്കാള്‍ മികച്ച ടെസ്റ്റ് ക്യാപ്റ്റന്‍ കെയിന്‍ വില്യംസണ്‍ ആണെന്നാണ് നാസര്‍ ഹുസൈന്‍ പറഞ്ഞത്. കോഹ്‍ലിയാണ് ഇന്ത്യയുടെ നെടുംതൂണ് എന്ന് സമ്മതിച്ച നാസര്‍ ഹുസൈന്‍ ക്രിക്കറ്റിന്റെ അംബാസഡര്‍ എന്നാണ് കെയിന്‍ വില്യംസണെ വിശേഷിപ്പിച്ചത്. അതിനാല്‍ തന്നെ വില്യംസണെ താന്‍ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റനായി തിരഞ്ഞെടുക്കുന്നുെവെന്ന് നാസര്‍ ഹുസൈന്‍ വ്യക്തമാക്കി.