ഫിഫ ലോകകപ്പ് അവസാന ഗ്രൂപ്പ് മത്സരത്തിൽ അൽബാനിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു ഇംഗ്ലണ്ട്. ഗ്രൂപ്പ് കെയിൽ കളിച്ച 8 മത്സരവും ജയിച്ച ഇംഗ്ലണ്ട് സമ്പൂർണ ആധിപത്യം ആണ് ഗ്രൂപ്പിൽ പുലർത്തിയത്. തോറ്റെങ്കിലും രണ്ടാം സ്ഥാനക്കാർ ആയ അൽബാനിയ ലോകകപ്പ് പ്ലെ ഓഫ് യോഗ്യത നേടിയിട്ടുണ്ട്. മത്സരത്തിൽ ആദ്യ 74 മിനിറ്റുകൾ ഇംഗ്ലണ്ടിനെ പിടിച്ചു കെട്ടിയ അൽബാനിയ ഇടക്ക് അവസരങ്ങളും സൃഷ്ടിച്ചു.

എന്നാൽ 74 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ബുകയോ സാകയുടെ കോർണറിൽ നിന്നു ലഭിച്ച അവസരം ഹാരി കെയിൻ ഗോൾ ആക്കി മാറ്റി. തുടർന്ന് 82 മത്തെ മിനിറ്റിൽ മറ്റൊരു പകരക്കാരൻ മാർക്കോസ് റാഷ്ഫോർഡിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ അവരുടെ ജയം പൂർത്തിയാക്കി. സീസണിൽ ക്ലബിനും രാജ്യത്തിനും ആയി 28 മത്തെ ഗോൾ ആയിരുന്നു ഉഗ്രൻ ഫോമിലുള്ള കെയിന് ഇത്. ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ സെർബിയ ലാത്വിയയെ 2-1 നു തോൽപ്പിച്ചു.














