സിഡ്നിയിലെ മൂന്നാം ഏകദിനവും ജയിച്ച് ഇംഗ്ലണ്ട് ഏകദിന പരമ്പര സ്വന്തമാക്കി. ഇന്ന് നടന്ന മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ജോസ് ബട്‍ലര്‍-ക്രിസ് വോക്സ് സഖ്യത്തിന്റെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ ബലത്തില്‍ 302 റണ്‍സ് നേടുകയായിരുന്നു. ബട്‍ലര്‍(100*)-വോക്സ്(53*) കൂട്ടുകെട്ട് ഏഴാം വിക്കറ്റില്‍ 113 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് 6 വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സ് മാത്രമേ നേടാനായുള്ളു. അവസാനം വരെ ഓസ്ട്രേലിയയുടെ പ്രതീക്ഷ കാക്കുവാന്‍ മാര്‍ക്കസ് സ്റ്റോയിനിസിനു(56) സാധിച്ചുവെങ്കിലും ഒടുവില്‍ ഇംഗ്ലണ്ട് 16 റണ്‍സിനു മത്സരവും പരമ്പരയും സ്വന്തമാക്കി.
പതിവു പോലെ ആരോണ്‍ ഫിഞ്ച് ആണ് ഓസ്ട്രേലിയയ്ക്കായി തിളങ്ങിയത്. 62 റണ്‍സ് ഫിഞ്ച് നേടിയപ്പോള്‍ സ്റ്റീവന്‍ സ്മിത്ത്(45), മിച്ചല്‍ മാര്‍ഷ്(55) എന്നിവരും മികവ് തെളിയിച്ചു. എന്നാല്‍ കൃത്യതയോടെ പന്തെറിഞ്ഞ ഇംഗ്ലണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ഓസ്ട്രേലിയയെ സമ്മര്‍ദ്ദത്തിലാക്കി.
അവസാന അഞ്ചോവറില്‍ 61 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് ഓസ്ട്രേലിയയെ എത്തിക്കുവാന്‍ ആറാം വിക്കറ്റ് കൂട്ടുകെട്ടായ മാര്‍ക്കസ് സ്റ്റോയിനിസ്-ടിം പെയിന്‍ സഖ്യത്തിനു സാധിച്ചിരുന്നു. മികവുറ്റ ബാറ്റിംഗ് തുടര്‍ന്ന് ഇരുവരും ലക്ഷ്യം രണ്ടോവറില്‍ 30 എന്ന നിലയിലേക്ക് കൊണ്ടു വന്നു. നിര്‍ണ്ണായകമായ 74 റണ്‍സാണ് ആറാം വിക്കറ്റില്‍ സ്റ്റോയിനിസ്-പെയിന്‍ സഖ്യം നേടിയത്. 56 റണ്‍സ് നേടിയ സ്റ്റോയിനിസിനെ അവസാന ഓവറില്‍ വോക്സ് പുറത്താക്കിയതോടെ ഓസ്ട്രേലിയയുടെ അവസാന പ്രതീക്ഷയും അവസാനിച്ചു. ടിം പെയിന്‍ 31 റണ്‍സുമായി പുറത്താകാതെ നിന്നു.
പേസ് ബൗളര്‍ ലിയാം പ്ലങ്കറ്റിനു പരിക്കേറ്റത് ഇംഗ്ലണ്ട് ബൗളിംഗ് നിരയ്ക്ക് തിരിച്ചടിയാവുകയായിരുന്നു. 1.2 ഓവര്‍ മാത്രം താരം എറിഞ്ഞപ്പോള്‍ ജോ റൂട്ട് ശേഷിച്ച ഓവറുകള്‍ എറിഞ്ഞു. ഇംഗ്ലണ്ടിനു വേണ്ടി ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്, ക്രിസ് വോക്സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. നിര്‍ണ്ണായകമായ 49ാം ഓവര്‍ എറിഞ്ഞ് വുഡ്സ് 8 റണ്‍സ് മാത്രം വിട്ടുകൊടുത്തതും ഏറെ നിര്‍ണ്ണായകമായി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial