ഇന്ത്യ നല്‍കിയ കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് 6 വിക്കറ്റ് വിജയം. 43.3 ഓവറില്‍ ആണ് ലക്ഷ്യമായ 337 റണ്‍സ് ഇംഗ്ലണ്ട് 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നത്. ഓപ്പണര്‍മാരായ ജേസണ്‍ റോയിയും ജോണി ബൈര്‍സ്റ്റോയും നല്‍കിയ മികച്ച തുടക്കത്തിന് ശേഷം ബെന്‍ സ്റ്റോക്സും തകര്‍ത്തടിച്ചപ്പോള്‍ ഇംഗ്ലണ്ട് വേഗത്തില്‍ വിജയത്തിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ചുവെങ്കിലും പ്രസിദ്ധ് കൃഷ്ണ ഒരേ ഓവറില്‍ ജോണി ബൈര്‍സ്റ്റോയെയും ജോസ് ബട്‍ലറെയും പുറത്താക്കി ഇന്ത്യന്‍ ക്യാമ്പില്‍ പ്രതീക്ഷ നല്‍കിയെങ്കിലും അരങ്ങേറ്റക്കാരന്‍ ലിയാം ലിവിംഗ്സ്റ്റണും ദാവിദ് മലനും 49 റണ്‍സ് കൂട്ടുകെട്ടുമായി ടീമിനെ വിജയത്തിലേക്ക് നയിച്ചു.
ഓപ്പണിംഗ് കൂട്ടുകെട്ടില്‍ 110 റണ്‍സാണ് 16.3 ഓവറില്‍ ഇംഗ്ലണ്ട് നേടിയത്. 55 റണ്‍സ് നേടിയ റോയി റണ്ണൗട്ട് രൂപത്തിലാണ് പുറത്തായത്. പിന്നീട് ബൈര്‍സ്റ്റോയോടൊപ്പം എത്തിയ സ്റ്റോക്സ് അടിച്ച് തകര്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. 52 പന്തില്‍ 10 സിക്സുകള്‍ അടക്കം 99 റണ്‍സ് എടുത്ത സ്റ്റോക്സിനെ ശതകത്തിന് ഒരു റണ്‍സ് അകലെ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കുകയായിരുന്നു.
രണ്ടാം വിക്കറ്റില്‍ 175 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 285/1 എന്ന നിലയില്‍ നിന്ന് 287/4 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് വീണുവെങ്കിലും ടോപ് ഓര്‍ഡര്‍ നല്‍കിയ മികച്ച തുടക്കം ഇംഗ്ലണ്ട് ക്യാമ്പില്‍ പരിഭ്രാന്തി പരത്തിയില്ല. അഞ്ചാം വിക്കറ്റില്‍ 49 റണ്‍സ് നേടിയ ലിയാം ലിവിംഗ്സ്റ്റണ്‍ – ദാവിദ് മലന്‍ കൂട്ടുകെട്ട് 43.3 ഓവറില്‍ ഇംഗ്ലണ്ട് വിജയം ഉറപ്പാക്കുകയായിരുന്നു.