2015ന് ശേഷം ഇംഗ്ലണ്ട് നാട്ടിലൊരു ബൈ-ലാറ്ററല്‍ പരമ്പര കൈവിടുന്നത് ഇതാദ്യമായി

Sports Correspondent

ഓസ്ട്രേലിയയെ കീഴടക്കുവാനുള്ള അവസരം ഇംഗ്ലണ്ടിന്റെ പക്കല്‍ പലവട്ടമുണ്ടായിരുന്നു ഇന്നലത്തെ മൂന്നാം ഏകദിനത്തില്‍. 73/5 എന്ന നിലയിലേക്ക് ഓസ്ട്രേലിയയെ പ്രതിരോധത്തിലാക്കിയ ശേഷം ഗ്ലെന്‍ മാക്സ്വെല്‍ – അലെക്സ് കാറെ കൂട്ടുകെട്ട് ഓസ്ട്രേലിയയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നുവെങ്കിലും അവസാനത്തോട് സെറ്റായ ഈ രണ്ട് ബാറ്റ്സ്മാന്മാരെയും പുറത്താക്കി ഇംഗ്ലണ്ട് വീണ്ടും മത്സരത്തില്‍ സാധ്യത കാണുകയായിരുന്നു.

അവസാന ഓവറില്‍ പത്ത് റണ്‍സ് വേണ്ടപ്പോള്‍ ആദില്‍ റഷീദിന് ഓവര്‍ എറിയുവാന്‍ ഇംഗ്ലണ്ട് നായകന്‍ പന്ത് കൈമാറുകയായിരുന്നു. എന്നാല്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഓവറില്‍ നിന്ന് ഒരു സിക്സും ഒരു ഫോറും നേടിയപ്പോള്‍ രണ്ട് പന്ത് അവശേഷിക്കെ ഇംഗ്ലണ്ട് തോല്‍വിയേറ്റു വാങ്ങി.

2015ന് ശേഷം ഇതാദ്യമായിട്ടാണ് ഇംഗ്ലണ്ട് ഇംഗ്ലണ്ടില്‍ ഒരു പരമ്പര കൈവിടുന്നത്. ആദ്യ മത്സരത്തില്‍ ടീം പരാജയപ്പെട്ടുവെങ്കിലും മികച്ച പ്രകടനത്തിലൂടെ രണ്ടാം മത്സരത്തില്‍ ടീം തിരികെ വരികയായിരുന്നു. രണ്ടാം മത്സരം കൈവിട്ട നിലയില്‍ നിന്ന് ഇംഗ്ലണ്ട് തിരിച്ച് പിടിച്ചപ്പോള്‍ മൂന്നാം ഏകദിനത്തില്‍ അതേ നാണയത്തില്‍ വിജയം പിടിച്ചെടുത്ത് ഓസ്ട്രേലിയയും തിരിച്ചടിയ്ക്കുകയായിരുന്നു.