ഇംഗ്ലണ്ടിലും ഇറ്റലിയിലും കിരീട പോരാട്ടം അവസാന റൗണ്ട് വരെ

യൂറോപ്പിലെ അഞ്ച് പ്രധാന ലീഗുകളിൽ മൂന്നിലും ലീഗ് കിരീടം ആർക്കെന്ന് ഇതിനകം തന്നെ തീരുമാനമായി കഴിഞ്ഞു. ബുണ്ടസ് ലീഗ കിരീടം പതിവു പോലെ ബയേൺ ഉയർത്തിയപ്പോൾ ലാലിഗ റയൽ മാഡ്രിഡും ഫ്രഞ്ച് ലീഗ് പി എസ് ജിയും ഉയർത്തി. ഇംഗ്ലണ്ടിലും ഇറ്റലിയിലും ആണ് ഇനി കിരീടം തീരുമാനം ആകാനുള്ളത്. ഇംഗ്ലണ്ടിൽ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും തമ്മിലും ഇറ്റലിയിൽ മിലാൻ ക്ലബുകൾ തമ്മിലുമാണ് കിരീട പോരാട്ടം നടക്കുന്നത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 36 മത്സരങ്ങൾ കഴിഞ്ഞപ്പോൾ മാഞ്ചസ്റ്റർ സിറ്റിക്ക് 89 പോയിന്റും ലിവർപൂളിന് 86 പോയിന്റുമാണ് ഉള്ളത്. ഇനി ബാക്കിയുള്ളത് രണ്ട് മത്സരങ്ങൾ. നാലു പോയിന്റ് ലഭിച്ചാൽ സിറ്റിക്ക് കിരീടം ഉറപ്പാക്കാം. ലിവർപൂളിനെക്കാൾ +7 ഗോൾഡ് ഡിഫറൻസ് ഉള്ളതിനാൽ ഒരു വിജയം തന്നെ സിറ്റിയുടെ കിരീടം ഏകദേശം ഉറപ്പിക്കും. ലിവർപൂളിന് ഇനി സതപ്ടണും വോൾവ്സും ആണ് എതിരാളികളായുള്ളത്. മാഞ്ചസ്റ്റർ സിറ്റിക്ക് വെസ്റ്റ് ഹാമിന്റെയും ആസ്റ്റൺ വില്ലയുടെയും വെല്ലുവിളികൾ മറികടക്കാനുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോഴും കാര്യങ്ങൾ പ്രവചനാതീതമാണ്.20220508 050217

ഇറ്റലിയിൽ 36 മത്സരങ്ങൾ കവിഞ്ഞപ്പോൾ എ സി മിലാന് 80 പോയിന്റും ഇന്റർ മിലാന് 78 പോയിന്റുമാണ് ഉള്ളത്. എ സി മിലാന് ഇനി അറ്റലാന്റയെയും സസുവോളോയും ആണ് നേരിടാൻ ഉള്ളത്. ഇതിൽ അറ്റലാന്റക്ക് എതിരായ മത്സരം എ സി മിലാന് വലിയ വെല്ലുവിളി ആകും. എ സി മിലാൻ അവസാനമായി 2010-11 സീസണിൽ ആണ് ലീഗ് കിരീടം നേടിയത്.

ഇന്റർ മിലാന് ഇനി നേരിടാൻ ഉള്ളത് കലിയരിയും സാമ്പ്ഡോറിയയും ആണ്. എന്തായാലും ഈ രണ്ട് ലീഗിലെയും കിരീട പോരാട്ടം അവസാന ദിവസം വരെ പോകാൻ ആണ് സാധ്യത കൂടുതൽ.