ഓസ്ട്രേലിയ നല്‍കിയ 295 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് ഒരു ഘട്ടത്തില്‍ 57/4 എന്ന നിലയിലേക്ക് വീണ് പരുങ്ങലിലായെങ്കിലും അഞ്ചാം വിക്കറ്റില്‍ ജോണി ബൈര്‍സ്റ്റോയും സാം ബില്ലിംഗ്സും കാഴ്ച വെച്ച പോരാട്ട വീര്യത്തിന്റെ മികവില്‍ അവസാനം വരെ പൊരുതിയെങ്കിലും 19 റണ്‍സിന്റെ തോല്‍വിയേറ്റ് വാങ്ങി ഇംഗ്ലണ്ട്.
118 റണ്‍സ് നേടി തന്റെ കന്നി ശതകം നേടിയ സാം ബില്ലിംഗ്സ് ഇന്നിംഗ്സിലെ അവസാന പന്തില്‍ പുറത്താകുകയായിരുന്നു. 84 റണ്‍സ് നേടിയ ബൈര്‍സ്റ്റോയുമായി നേടിയ 113 റണ്‍സ് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷം വന്ന താരങ്ങളില്‍ നിന്ന് മികച്ച പിന്തുണ സാം ബില്ലിംഗ്സിന് ലഭിയ്ക്കാതെ വന്നപ്പോള്‍ മത്സരം ഇംഗ്ലണ്ട് കൈവിടുകയായിരുന്നു.
ജോഷ് ഹാസല്‍വുഡിന്റെ ടോപ് ഓര്‍ഡര്‍ ബൗളിംഗിനൊപ്പം ആഡം സംപയും ഒപ്പം ചേര്‍ന്നപ്പോള്‍ ഇംഗ്ലണ്ടിന്റെ തുടക്കം പാളി. സംപ നാല് വിക്കറ്റും ഹാസല്‍വുഡ് തന്റെ പത്തോവറില്‍ വെറും 26 റണ്‍സ് നല്‍കി മൂന്നും വിക്കറ്റും നേടിയപ്പോള്‍ മത്സരത്തിലെ താരമായി ഹാസല്‍വുഡ് തിരഞ്ഞെടുക്കപ്പെട്ടു.