അണ്ടര്‍ 19 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ വിജയം നേടി ഫൈനലുറപ്പാക്കി ഇംഗ്ലണ്ട്. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 47 ഓവറിൽ 231/6 എന്ന സ്കോറാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ ഒരു ഘട്ടത്തിൽ 94/1 എന്ന ശക്തമായ നിലയിലായിരുന്നുവെങ്കിലും അവിടെ നിന്ന് 106/4 എന്ന നിലയിലേക്ക് വീണത് ടീമിന്റെ താളം തെറ്റിയ്ക്കുകയായിരുന്നു.
മഴ കാരണം 47 ഓവറുകള്‍ ആക്കി ചുരുക്കിയ മത്സരത്തിൽ 9 വിക്കറ്റ് നഷ്ടത്തിൽ 215 റൺസ് മാത്രമാണ് അഫ്ഗാനിസ്ഥാന്‍ നേടിയത്. മത്സരത്തിൽ 15 റൺസ് വിജയവുമായി ഇംഗ്ലണ്ട് ഫൈനലില്‍ കടന്നു. 4 വിക്കറ്റ് നേടിയ രെഹാന്‍ അഹമ്മദ് ആണ് ഇംഗ്ലണ്ട് വിജയം ഒരുക്കിയത്. തോമസ് ആസ്പിന്‍വാൽ രണ്ട് വിക്കറ്റ് നേടി.
അല്ലാഹ് നൂര്‍ 60 റൺസുമായി അഫ്ഗാനിസ്ഥാന്‍ നിരയിലെ ടോപ് സ്കോറര്‍ ആയപ്പോള്‍ മുഹമ്മദ് ഇഷാഖ്(43), അബ്ദുള്‍ ഹാദി(37*), ബിലാല്‍ അഹമ്മദ്(33), നൂര്‍ അഹമ്മദ്(25) എന്നിവരാണ് മറ്റു നിര്‍ണ്ണായക സംഭാവന നല്‍കിയവര്‍. ടോപ് ഓര്‍ഡറിൽ റൺസ് കണ്ടെത്തിയ നൂറും ഇഷാഖും അല്പം കൂടി വേഗത്തിൽ സ്കോര്‍ ചെയ്തിരുന്നേൽ ലോകകപ്പ് ഫൈനലില്‍ അഫ്ഗാന് അവസരം ലഭിച്ചേക്കാമായിരുന്നു.