അഡ്രിയാൻ ലൂണക്ക് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരു വിദേശ താരം കൂടെ കൊച്ചിയിൽ എത്തി. ബോസ്‌നിയ ഹെര്‍സഗോവിനയുടെ സെന്‍ട്രല്‍ ഡിഫന്‍ഡര്‍ എനെസ് സിപോവിച്ച് ആണ് ഇന്നലെ കൊച്ചിയിൽ എത്തിയത്. താരം കൊറോണ പരിശോധനകൾക്ക് ശേഷം ടീം ഹോട്ടലിൽ എത്തി. സാങ്കേതിക നടപടികൾ പൂർത്തിയാക്കി കൊണ്ട് സിപോവിച് ഉടൻ കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാമ്പിൽ ചേരും.
𝗦𝗣𝗘𝗖𝗜𝗔𝗟 𝗗𝗘𝗟𝗜𝗩𝗘𝗥𝗬 𝗙𝗥𝗢𝗠 🇧🇦: 𝗧𝗛𝗘 𝗣𝗔𝗖𝗞𝗔𝗚𝗘 𝗛𝗔𝗦 𝗔𝗥𝗥𝗜𝗩𝗘𝗗 😍
Join us in welcoming #EnesSipovic HOME! 💛#YennumYellow pic.twitter.com/UvODRjfgxu
— Kerala Blasters FC (@KeralaBlasters) August 17, 2021
മുൻ ചെന്നൈയിന്‍ എഫ് സി താരമാണ് സിപോവിച്. സരജേവോയിലെ ബോസ്‌നിയന്‍ ക്ലബായ സെല്‍ജെസ്‌നികറില്‍ കളിച്ചുതുടങ്ങിയ സിപോവിച്ച്, പിന്നീട് റൊമാനിയന്‍ ക്ലബ് എസ്‌സി ഒടെലുല്‍ ഗലാറ്റിയില്‍ ചേര്‍ന്നു. ക്ലബ്ബിനൊപ്പം അരങ്ങേറ്റ സീസണില്‍ തന്നെ 2010-11 റൊമാനിയന്‍ ടോപ്പ് ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം നേടി. ഒടെലുല്‍ ഗലാറ്റിയിലെ വിജയകരമായ ആറ് സീസണുകള്‍ക്ക് ശേഷം, കെ.വി.സി വെസ്റ്റര്‍ലോ (ബെല്‍ജിയം), ഇത്തിഹാദ് ടാംഗര്‍ & ആര്‍എസ് ബെര്‍ക്കെയ്ന്‍ (മൊറോക്കോ), ഒഹോദ് ക്ലബ് (സൗദി അറേബ്യ) എന്നീ ക്ലബ്ബുകള്‍ക്കായി ബൂട്ടുകെട്ടി. പിന്നീട് ബാല്യകാല ക്ലബ്ബായ എഫ്‌കെ സെല്‍ജെസ്‌നികറിലേക്ക് തന്നെ മടങ്ങി.
കഴിഞ്ഞ സീസണില്‍ ചെന്നൈയിന്‍ എഫ്സിയില്‍ ചേരുന്നതിന് മുമ്പ്, ഖത്തറിലെ ഉമ്മു സലാലിന് വേണ്ടി കളിച്ചിരുന്നു. കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍, 18 മത്സരങ്ങളിലായി ചെന്നൈയിന്‍ ജഴ്‌സിയണിഞ്ഞ താരം ടീമിലെ സ്ഥിരസാനിധ്യവുമായിരുന്നു. ബോസ്‌നിയ ഹെര്‍സഗോവിനയുടെ അണ്ടര്‍ 21 ദേശീയ ടീം താരമായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സിനായി കളിക്കുന്ന ആദ്യ ബോസ്‌നിയന്‍ താരമാവും സിപോവിച്ച്.