യുവേഫ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി ആഴ്‌സണലിന്റെ ഇംഗ്ലീഷ് യുവ താരം മാക്‌സ് ഡൗമാൻ. ഇന്ന് സ്ലാവിയ പ്രാഹക്ക് എതിരായ മത്സരത്തിൽ 72 മത്തെ മിനിറ്റിൽ ലിയാൻഡ്രോ ട്രൊസാർഡിന് പകരക്കാരനായി എത്തിയാണ് ഡൗമാൻ ചരിത്രം എഴുതിയത്. വെറും 15 വർഷവും 308 ദിവസവും ആണ് ഇംഗ്ലീഷ് അണ്ടർ 19 താരത്തിന്റെ പ്രായം.

16 വർഷവും 18 ദിവസവും പ്രായമുള്ളപ്പോൾ ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റം കുറിച്ച ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ യൂസഫോ മൗകോക, 16 വർഷവും 68 ദിവസവും പ്രായമുള്ളപ്പോൾ ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റം കുറിച്ച ബാഴ്‌സലോണയുടെ ലമീൻ യമാൽ എന്നിവരുടെ റെക്കോർഡ് ആണ് ഡൗമാൻ തകർത്തത്. കഴിഞ്ഞ ആഴ്ച ലീഗ് കപ്പ് മത്സരത്തിൽ ബ്രൈറ്റണിനു എതിരെ ആദ്യ പതിനൊന്നിൽ ഇറങ്ങിയ ഡൗമാൻ ആഴ്‌സണലിന് ആയി ആദ്യ പതിനൊന്നിൽ കളിക്കാൻ ഇറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു.














