ലോകകപ്പ് മോഹമെന്ന തങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടാതെ പോയതിന്റെ സങ്കടമുണ്ടെന്ന് പറഞ്ഞ് ബംഗ്ലാദേശിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്. ലോകകപ്പില്‍ മികച്ച പ്രകടനവും ചില വമ്പന്‍ ടീമുകളെ പരാജയപ്പെടുത്തുകയും ചെയ്തുവെങ്കിലും ഇന്ത്യയോടേറ്റ പരാജയത്തോടെ ബംഗ്ലാദേശിന്റെ സെമി മോഹങ്ങള്‍ അസ്തമിക്കുകയായിരുന്നു. ഇത്രയും മികച്ച പ്രകടനം പുറത്തെടുത്തിട്ടും ബംഗ്ലാദേശിന് കടമ്പ കടക്കാനാകാതെ പോയതില്‍ വിഷമമുണ്ടെന്നാണ് ഷാക്കിബ് പറഞ്ഞത്.
ടൂര്‍ണ്ണമെന്റില്‍ ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത താരമാണ് ഷാക്കിബ് അല്‍ ഹസന്. ഒറ്റപ്പെട്ട പ്രകടനം ഒഴിച്ചാല്‍ മറ്റ് താരങ്ങള്‍ക്ക് ഷാക്കിബിന് വേണ്ടത്ര പിന്തുണ കൊടുക്കാനാകാതെ പോയതോടെ ബംഗ്ലാദേശിന്റെ ചില മത്സരങ്ങളില്‍ അവസാനം വരെ പൊരുതി വീണു. ന്യൂസിലാണ്ടിനെ വിറപ്പിച്ചാണ് ബംഗ്ലാദേശ് കീഴടങ്ങിയത്. ആവേശകരമായ മത്സരത്തില്‍ ന്യൂസിലാണ്ട് രണ്ട് വിക്കറ്റിന്റെ വിജയമാണ് പിടിച്ചെടുത്തത്.
മികച്ച ക്രിക്കറ്റാണ് ബംഗ്ലാദേശ് കളിച്ചതെന്ന് പേരെടുത്തുവെങ്കിലും തങ്ങള്‍ക്ക് ലോകകപ്പ് ജയിക്കുക എന്ന ലക്ഷ്യമാണുണ്ടായിരുന്നതെന്നാണ് ഷാക്കിബ് പറഞ്ഞത്. ഞങ്ങള്‍ക്ക് ലോകകപ്പ് ജയിക്കണമായിരുന്നു, എന്നാല്‍ അതിന് സാധിച്ചില്ലെന്ന് താരം പറഞ്ഞു. ചില ചെറിയ കാര്യങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ ചെയ്തിരുന്നുവെങ്കില്‍ മികച്ച ഫലം ടീമിന് ലഭിച്ചേനെയെന്നും ബംഗ്ലാദേശ് മുന്‍ നായകന് പറഞ്ഞു.
പല മേഖലയിലും മികവ് പുലര്‍ത്തുവാന്‍ ബംഗ്ലാദേശിന് സാധിച്ചുവെങ്കിലും ലോകകപ്പ് ഫലം വെച്ച് നോക്കുകയാണെങ്കില്‍ നിരാശയാണ് ഫലമെന്ന് ഷാക്കിബ് പറഞ്ഞു. പോസിറ്റീവായ നിരവധി കാര്യങ്ങളുണ്ട്, പക്ഷേ ലോകകപ്പെന്ന ലക്ഷ്യം ടീം കൈവിട്ടുവെന്നും ഷാക്കിബ് പറഞ്ഞു. ഏവരും പരിശ്രമിച്ചുവെന്നുള്ളത് സത്യമാണ്, എന്നാല്‍ കൂടുതല്‍ തീവ്രമായ പരിശ്രമമായിരുന്നു വേണ്ടിയരുന്നതെന്ന് ഷാക്കിബ് വ്യക്തമാക്കി.