ഏറെ കാലമായി ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉയര്‍ന്ന് വന്ന ചോദ്യമായിരുന്നു ആരാവും ഇന്ത്യയുടെ നാലാം നമ്പറിലെ താരമെന്നത്. 2018 ഐപിഎലിലെ ഫോമിന്റെ അടിസ്ഥാനത്തില്‍ ടീമില്‍ ഇടം പിടിച്ച അമ്പാട്ടി റായിഡു ആ സ്ഥാനം ഏറെക്കുറെ ഉറപ്പാക്കിയതായിരുന്നു എന്നാല്‍ 2019ല്‍ താരം ഫോം ഔട്ട് ആയതോടെ താരത്തെ ലോകകപ്പ് സ്ക്വാഡില്‍ നിന്ന് തഴഞ്ഞ് അവസരം വിജയ് ശങ്കറിനു നല്‍കി.
ന്യൂസിലാണ്ടിനെതിരെ തകര്‍ന്നടിഞ്ഞ ബാറ്റിംഗ് നിരയിലെ ടോപ് ഓര്‍ഡര്‍ ബംഗ്ലാദേശിനെതിരെയും പരാജയപ്പെട്ടപ്പോള്‍ തനിക്ക് ലഭിച്ച നാലാം നമ്പറിലെ അവസരം കെഎല്‍ രാഹുല്‍ മുതലാക്കുന്നതാണ് ഇന്നലെ കണ്ടത്. ശതകം നേടിയ രാഹുല്‍ ധോണിയ്ക്കൊപ്പം മത്സരത്തിലേക്കുള്ള ഇന്ത്യയുടെ തിരിച്ചുവരവ് നടത്തിയപ്പോള്‍ മികച്ച പ്രഭാവമുണ്ടാക്കുവാനുള്ള അവസരമാണ് വിജയ് ശങ്കര്‍ നഷ്ടമാക്കിയത്.
7 പന്തുകളഅ നേരിട്ട വിജയ് ശങ്കറിനെ റൂബല്‍ ഹൊസൈന്‍ പുറത്താക്കിയപ്പോള്‍ ലോകേഷ് രാഹുല്‍ 99 പന്തില്‍ നിന്ന് 108 റണ്‍സാണ് നേടിയത്. എംഎസ് ധോണിയുമായി ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ നേടിയ 164 റണ്‍സാണ് ഇന്ത്യയുടെ മത്സരത്തിലേ സാധ്യതകള്‍ വര്‍ദ്ധിപ്പിച്ചത്. പിന്നീട് അവസാന ഓവറില്‍ എംഎസ് ധോണി കത്തിക്കയറിയപ്പോള്‍ ഇന്ത്യ പടുകൂറ്റന്‍ സ്കോറായ 359/7 എന്ന നിലയിലേക്ക് എത്തി.
ഇതോടെ നാലാം നമ്പറില്‍ ആരെന്ന ചോദ്യത്തിനു ഏറെക്കുറെ ഇന്ത്യ തേടിയ ഉത്തരം താനാണെന്നാണ് കെഎല്‍ രാഹുല്‍ തന്റെ പ്രകടനത്തിലൂടെ പറയുന്നത്. ജൂണ്‍ അഞ്ചിനു ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആരാകും ടീമിലുണ്ടാകുക എന്നത് വിരാട് കോഹ‍്‍ലിയും രവിശാസ്ത്രിയുമാകും തീരുമാനിക്കുകയെങ്കിലും വിജയ് ശങ്കറിന്റെ നാലാം സ്ഥാനം സുരക്ഷിതമല്ലെന്ന് വേണം വിലയിരുത്തുവാന്‍.