ഞെട്ടിക്കുന്ന നീക്കം, കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിയസ് ഇനി മുംബൈ സിറ്റിയിൽ

കേരള ബ്ലാസ്റ്റേഴ്സിന്റെ താരമായിരുന്ന ജോർഗെ പെരേര ഡിയസിനെ മുംബൈ സിറ്റി സ്വന്തമാക്കി. ഏവരെയും ഞെട്ടിച്ച് കൊണ്ട് മുംബൈ സിറ്റി ഇന്ന് ഡിയസിന്റെ സൈനിംഗ് പ്രഖ്യാപിച്ചു. കേരള ബ്ലാസ്റ്റേഴ്സ് ഏറെ ശ്രമിച്ചിട്ടും ടീമിലേക്ക് തിരികെയെത്തിക്കാൻ കഴിയാത്ത താരത്തെ ആണ് ഇപ്പോൾ മുംബൈ സിറ്റി സ്വന്തമാക്കിയിരിക്കുന്നത്. ഒരു വർഷത്തെ കരാറിൽ ആകും ഡിയസ് മുംബൈ സിറ്റിയിൽ എത്തുന്നത്.

നേരത്തെ ഡിയസ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നതിന് അടുത്ത് എത്തിയിരുന്നു എങ്കിലും അവിടെ നിന്ന് ചർച്ചകൾ പിറകോട്ട് പോവുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിൽ ലോൺ അടിസ്ഥാനത്തിൽ ആയിരുന്നു ഡിയസ് കഴിഞ്ഞ സീസണിൽ കളിച്ചിരുന്നത്‌‌‌. ലോൺ കാലാവധി കഴിഞ്ഞതോടെ താരം അർജന്റീനൻ ക്ലബായ പ്ലാറ്റൻസിലേക്ക് തിരികെ പോയിരുന്നു. പ്ലാറ്റൻസിലെ കരാർ അവസാനിപ്പിച്ചാണ് ഡിയസ് തിരികെ ഇന്ത്യയിലേക്ക് വരാൻ നോക്കിയത്.
Img 20220226 210250
ഈ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി എട്ട് ഗോളുകളും ഒരു അസിസ്റ്റും സംഭാവന ചെയ്യാൻ ഡിയസിനായിരുന്നു. ഡിയസ് വരാത്തത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വലിയ നിരാശ നൽകിയിരുന്നു. ഇപ്പോൾ താരം മുംബൈ സിറ്റിയിൽ എത്തി എന്ന വാർത്ത ബ്ലാസ്റ്റേഴ്സ് ആരാധകരുടെ വിഷമം അധികമാക്കും.