ധോണിയെക്കാള്‍ ഇന്ത്യന്‍ ക്രിക്കറ്റിനോട് പ്രതിബദ്ധതയുള്ള വേറൊരു താരമില്ല: വിരാട് കോഹ്‍ലി

Sports Correspondent

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ വാനോളം പുകഴ്ത്തി വിരാട് കോഹ്‍ലി. ധോണിയെപ്പോലെ ഇന്ത്യന്‍ ക്രിക്കറ്റിനോട് ഇത്രയും ആത്മാര്‍ത്ഥയും പ്രതിബദ്ധതയുമുള്ള വേറൊരു ക്രിക്കറ്റ് താരമില്ലെന്നാണ് എംഎസ് ധോണിയെക്കുറിച്ച് വിരാട് കോഹ്‍ലി പറഞ്ഞത്. ഇന്ത്യയുടെ 2-1 എന്ന സ്കോറിനുള്ള ഏകദിന പരമ്പരയ്ക്ക് ശേഷമുള്ള പ്രതികരണമായിരുന്നു വിരാട് കോഹ്‍ലിയുടേത്. കളിക്കളത്തിനു പുറത്ത് ആളുകള്‍ പലതും പറയും എന്നാല്‍ ധോണിയെക്കുറിച്ചുള്ള തന്റെ അഭിപ്രായം ഇതാണെന്നാണ് കോഹ്‍ലി പറഞ്ഞത്.

പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും അര്‍ദ്ധ ശതകം നേടി ഇന്ത്യയുടെ പരമ്പര വിജയത്തില്‍ നിര്‍ണ്ണായക സ്വാധീനമായി ധോണി മാറിയിരുന്നു. അവസാന മത്സരത്തില്‍ 87 റണ്‍സ് നേടിയാണ് ധോണി പുറത്താകാതെ നിന്നത്. ടീമെന്ന നിലയില്‍ ഞങ്ങള്‍ ധോണിയുടെ ഫോമില്‍ സന്തോഷമുള്ളവരാണ്. ധോണി റണ്‍സ് വീണ്ടും കണ്ടെത്തുന്നതും വീണ്ടും ഫോമിലേക്ക് ഉയരുന്നത് ഇന്ത്യയ്ക്ക് ലോകകപ്പില്‍ ഗുണം ചെയ്യും. കൃത്യ സമയത്ത് തന്നെയാണ് ധോണി തന്റെ ഫോം കണ്ടെത്തിയിരിക്കുന്നതെന്നത് ഇന്ത്യയ്ക്ക് മികച്ച ആത്മവിശ്വാസം നല്‍കുമെന്നും കോഹ്‍ലി പറഞ്ഞു.

ന്യൂസിലാണ്ടിനു സമാനമായ പ്രകടനം ധോണിയില്‍ നിന്നുണ്ടാകുമെന്ന് കോഹ്‍ലി വിശ്വാസം പ്രകടിപ്പിച്ചു. തന്റെ പ്രകടനങ്ങള്‍ക്ക് ധോണി മാന്‍ ഓഫ് ദി സീരീസ് പുരസ്കാരം നേടിയിരുന്നു. 2018ലെ മോശം ഫോമിനു ശേഷം മികച്ച ഫോമില്‍ 2019 ധോണിയ്ക്ക് തുടങ്ങാനായി എന്നതും താരത്തിന്റെയും ടം ഇന്ത്യയുടെയും ആത്മവിശ്വാസം ഉയര്‍ത്തുമെന്ന് ഉറപ്പാണ്.