ഐപിഎലില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിനു അപ്രതീക്ഷിത തോല്‍വിയാണ് ഇന്ന് ഏറ്റു വാങ്ങേണ്ടി വന്നത്. എന്നാല്‍ ടീം ഇന്ന് നേരിട്ട ഏറ്റവും വലിയ അഭാവം ക്യാപ്റ്റന്‍ കൂളിന്റെ അസാന്നിദ്ധ്യമായിരുന്നു. ബാറ്റിംഗിനിറങ്ങിയപ്പോള്‍ ഓപ്പണര്‍മാരുടെ മികച്ച തുടക്കത്തിനു ശേഷം ഇന്നിംഗ്സിന്റെ അവസാനത്തില്‍ വലിയ ഷോട്ടുകള്‍ ഉതിര്‍ക്കുവാന്‍ ടീമിനു സാധിച്ചില്ല. ക്രീസിലെത്തുവാന്‍ ധോണിയില്ലെന്ന തിരിച്ചറിവും സണ്‍റൈസേഴ്സ് ബൗളര്‍മാര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുകയായിരുന്നു.
അതേ സമയം ഫീല്‍ഡിംഗിനിറങ്ങിയപ്പോളും ധോണി കൊണ്ടുവരുന്ന ഒരു ആത്മവിശ്വാസം ചെന്നൈയ്ക്ക് നഷ്ടമായിരുന്നു. ധോണിയുടെ ബൗളിംഗ്-ഫീല്‍ഡ് ചെയിഞ്ചുകള്‍ അതേ പ്രഭാവത്തില്‍ റെയ്‍നയ്ക്ക് കൊണ്ടുവരാനാകാതെ പോയപ്പോള്‍ യാതൊരു തരത്തിലുള്ള സമ്മര്‍ദ്ദവും ചെന്നൈയ്ക്ക് സൃഷ്ടിക്കാനായില്ല. മധ്യ ഓവറുകളില്‍ ഇമ്രാന്‍ താഹിറും രവീന്ദ്ര ജഡേജയും കൃത്യതയോടെ പന്തെറിഞ്ഞുവെങ്കിലും മറ്റു താരങ്ങള്‍ക്കാര്‍ക്കും ആ സമ്മര്‍ദ്ദം ചെലുത്താനാകാതെ പോയതും ചെന്നൈയ്ക്ക് തിരിച്ചടിയായി.
അടുത്ത മത്സരത്തില്‍ ബാംഗ്ലൂരിനെതിരെ ധോണി തിരികെ എത്തുമെന്നാണ് മത്സരശേഷം റെയ്‍ന പറഞ്ഞത്. ചെന്നൈ പോയിന്റ് പട്ടികയില്‍ ഇപ്പോളും 4 പോയിന്റ് വ്യത്യാസത്തിലാണെങ്കിലും ഇനിയങ്ങോട്ട് ടീമിനു വീണ്ടും തോല്‍ക്കുക എന്നത് ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തുന്നതില്‍ നിന്ന് തിരിച്ചടിയായേക്കും.