താൻ തന്റെ ജീവിതത്തിൽ കണ്ട ഏറ്റവും ശക്തനായ ബാറ്റ്സ്മാൻ മഹേന്ദ്ര സിംഗ് ധോണി ആയിരുന്നു എന്ന് ഇതിഹാസ ഓസ്ട്രേലിയൻ താരവും മുൻ ഇന്ത്യൻ പരിശീലകനും ആയിരുന്ന ഗ്രഗ് ചാപ്പൽ. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വിവാദമായ കാലഘട്ടം ആയിരുന്നു ചാപ്പലിന്റെ കീഴിലെ ഇന്ത്യൻ ക്രിക്കറ്റ് ടീം. 2007 ലെ ലോകകപ്പിലെ ആദ്യ റൗണ്ട് പുറത്താകലും സച്ചിനും ഗാംഗുലിയും അടക്കമുള്ള സീനിയർ താരങ്ങളും ആയ പ്രശ്നങ്ങളും ഈ കാലത്ത് വിവാദങ്ങൾ സൃഷ്ടിച്ചു. എന്നാൽ ആ കാലത്ത് ഇന്ത്യൻ ക്രിക്കറ്റിന് സംഭവിച്ച ഏറ്റവും നല്ല കാര്യം മഹേന്ദ്ര സിംഗ് ധോണിയുടെ അരങ്ങേറ്റം തന്നെ ആയിരുന്നു. ചാപ്പലിനു കീഴിൽ ധോണിക്ക് വളരാനും സാധിച്ചു.
ധോണിയുടെ ബാറ്റിംഗ് ആദ്യം കണ്ടപ്പോൾ തന്നെ താൻ അത്ഭുതപ്പെട്ടു എന്നു പറഞ്ഞ ചാപ്പൽ താൻ ജീവിതത്തിൽ കണ്ട ഏറ്റവും ശക്തനായ ബാറ്റ്സ്മാൻ ആണെന്നും പറഞ്ഞു. ഏത് പന്തും അതിർത്തി കടത്താനുള്ള ധോണിയുടെ കഴിവും ചാപ്പൽ പ്രകീർത്തിച്ചു. ശ്രീലങ്കക്ക് എതിരായ ധോണിയുടെ പ്രശസ്തമായ ആക്രമണാത്മക 183 റൺസ് ഓർത്ത് എടുത്ത ചാപ്പൽ തൊട്ട് അടുത്ത മത്സരത്തിൽ ബുദ്ധിപൂർവ്വം ബാറ്റ് ചെയ്തു പതുക്കെ വിജയത്തിൽ എത്തിച്ച ധോണിയുടെ അന്ന് തന്നെ ഉണ്ടായിരുന്ന പക്വതയും ഓർത്ത് എടുത്തു. മത്സരം പിന്തുടരുമ്പോൾ താൻ എന്നും മത്സരം ഫിനിഷ് ചെയ്യാൻ ധോണിയെ പ്രചോദിപ്പിച്ചു എന്നു വ്യക്തമാക്കിയ ചാപ്പൽ എന്നും ചിരിയോടെ വിജയറൺസ് നേടുന്ന ധോണിയെ ഓർത്ത് എടുത്തു. ക്രിക്കറ്റ് ചരിത്രം കണ്ട എക്കാലത്തെയും മികച്ച ഫിനിഷർ ധോണി ആണെന്നും അഭിപ്രായപ്പെട്ടു.