ധോണിയുടെ ഉപദേശങ്ങള്‍ എന്റെ കോച്ചിനെ എന്നും ഓര്‍മ്മപ്പെടുത്തുമായിരുന്നു – കുല്‍ദീപ്

Sports Correspondent

എംഎസ് ധോണി തനിക്ക് നല്‍കിയ ഉപദേശങ്ങള്‍ തന്റെ കോച്ചിനെ ഓര്‍മ്മപ്പെടുത്തിയിരുന്നുവെന്ന് കുല്‍ദീപ് യാദവ്. തന്റെ വിജയത്തിന് പിന്നില്‍ എംസ് ധോണിയാണെന്ന് പലപ്പോഴായി പറഞ്ഞിട്ടുള്ള താരമാണ് കുല്‍ദീപ് യാദവ്. ഇന്ത്യയുടെ റിസ്റ്റ് സ്പിന്നര്‍മാരായ കുല്‍ദീപിനെയും ചഹാലിനെയും എന്നും ധോണി ഉപദേശങ്ങള്‍ നല്‍കി സഹായിക്കുമായിരുന്നു. ഒപ്പം ബാറ്റ്സ്മാന്മാരുടെ ഫുട്‍വര്‍ക്കിനെയും മറ്റും പറഞ്ഞ് കൊടുത്ത് ധോണി ഇരുവരെയും സഹായിച്ചുകൊണ്ടേയിരുന്നു.

ഇരുവരും ധോണിയ്ക്ക് ഇതിന്റെ ക്രെഡിറ്റ് നല്‍കുവാന്‍ ഒട്ടും മടിയ്ക്കാറില്ല. ഇപ്പോള്‍ സ്പോര്‍ട്സ് ലേഖകന്‍ ബോറിയ മജൂംദാറിനോട് സംസാരിക്കുമ്പോളാണ് ധോണിയെക്കുറിച്ച് കുല്‍ദീപ് വാചാലനായത്. ധോണി തന്റെ കോച്ചിനെ ഓര്‍മ്മപ്പെടുത്തുന്നുവെന്നും ധോണി പലപ്പോഴും നല്‍കിയിരുന്ന ഉപദേശമാണ് തന്റെ കരിയറിന്റെ തുടക്കത്തില്‍ തന്റെ കോച്ച് നല്‍കിയതെന്നും കുല്‍ദീപ് പറഞ്ഞു.

തന്നോട് ഫ്ലാറ്റായും വേഗത്തിലുമല്ലാതെ സ്പിന്‍ കൂടുതല്‍ ചെയ്യുവാനാണ് ധോണി പറയാറെന്നും അത് തന്നെ തന്റെ കോച്ചിനെ ഓര്‍മ്മപ്പെടുത്തുന്നുവെന്നും കുല്‍ദീപ് വ്യക്തമാക്കി. ഇതാണ് ധോണിയില്‍ നിന്ന് കേട്ട ഏറ്റവും മികച്ച കാര്യം അതിനാല്‍ തന്നെ എന്റെ കോച്ചിനെ എനിക്ക് ഒരിക്കലും മിസ്സ് ചെയ്തിരുന്നില്ലെന്നും കുല്‍ദീപ് പറഞ്ഞു.