ബാഴ്സലോണയുടെ മധ്യനിര താരം ഡെനീസ് സുവാരസ് ക്ലബ് വിട്ടേക്കും. വല്വെർഡെയുടെ കീഴിൽ ഒട്ടും അവസരം ലഭിക്കാത്തതിനാൽ നേരത്തെ തന്നെ ക്ലബ് വിടുമെന്ന് സുവാരസ് സൂചന നൽകിയിരുന്നു. മുമ്പ് ബാഴ്സലോണ യൂത്ത് ടീമിൽ കളിച്ചിട്ടുള്ള ഡെനീസ് സുവാരസ് 2016ൽ ആയിരുന്നു വീണ്ടും ബാഴ്സയിലേക്ക് തിരിച്ചെത്തിയത്. അവസരം കിട്ടിയപ്പോൾ ഒക്കെ മികച്ച പ്രകടനം കാഴ്ചവെച്ചു എങ്കിലും ഡെനീസിനെ അത്രയ്ക്ക് വിശ്വാസത്തിൽ എടുക്കാൻ വാല്വെർഡെ തയ്യാറായില്ല.
താരത്തിന്റെ ഭാവിക്കായി സുവാരസ് ക്ലബ് വിടുന്നത് തന്നെയാണ് നല്ലത് എന്ന് ബാഴ്സലോണ ആരാധകരും പറയുകയുണ്ടായി. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകളിൽ ഒന്നാകും സുവാരസിന്റെ അടുത്ത കേന്ദ്രം. ആഴ്സണലാണ് സുവാരസിനായി ഏറ്റവും മുന്നിൽ ഉള്ളത്. 14 മില്യണോളം സുവാരസിനായി ആഴ്സണൽ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ആഴ്സണൽ പരിശീലകനായ ഉനായ് എമിറെയ്ക്ക് കീഴിൽ സെവിയ്യയിൽ വെച്ച് സുവാരസ് കളിച്ചിരുന്നു. അന്ന് ഉനായ്ക്ക് കീഴിൽ തകർപ്പൻ പ്രകടനമായിരുന്നു സുവാരസ് കാഴ്ചവെച്ചിരുന്നത്.