ചാമ്പ്യന്മാർക്ക് ഇനിയും താഴോട്ട് പോകാൻ കഴിയില്ല. ഇന്ന് ഡെൽഹിയോട് കൂടെ പരാജയപ്പെട്ടതോടെ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിന്റെ പതനം പൂർത്തിയായിരിക്കുകയാണ്. സ്വന്തം തട്ടകത്തിൽ ഡെൽഹിയെ നേരിട്ട ചെന്നൈയിൻ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ പരാജയമാണ് ഏറ്റുവാങ്ങിയത്. സീസണിൽ ഡെൽഹിയുടെ ആദ്യ വിജയം കൂടിയാണിത്.
കളിയിൽ ആദ്യ പകുതിയിൽ തന്നെ ഡെൽഹി ആദ്യ വിജയത്തിലേക്കാണ് എന്ന സൂചനകൾ ലഭിച്ചിരുന്നു. കളിയുടെ 16ആം മിനുട്ടിൽ ഡാനിയലിലൂടെ ഡ്ലെഹി ലീഡ് എടുത്തു. പക്ഷെ പതിവു പോലെ ആ ലീഡ് അധികം താമസിയാതെ ഡെൽഹി തുലയ്ക്കുകയും ചെയ്തു. ഒരു പെനാൾട്ടി വഴങ്ങി കൊണ്ടാണ് ചെന്നൈയിന് തിരിച്ചുവരാനുള്ള അവസരം ഡെൽഹി ഉണ്ടാക്കി കൊടുത്തത്. റാഫേൽ അഗസ്റ്റോയിലൂടെ ചെന്നൈയിൻ സമനിലയിൽ എത്തുകയും ചെയ്തു.
പക്ഷെ രണ്ടാം പകുതിയിൽ ഡെൽഹി വിജയിച്ചെ മതിയാകു എന്ന് ഉറപ്പിച്ചാണ് ഇറങ്ങിയത്. 78ആം മിനുട്ടിൽ മുൻ ചെന്നൈയിൻ താരമായ ബിക്രം ജിതിലൂടെ ഡെൽഹി ലീഡ് എടുത്തു. നാലു മിനുട്ടിനു ശേഷം ശേഖർ ഒരു ഗോൾ കൂടി നേടി സ്കോർ 3-1 എന്നാക്കി. ഡെൽഹിയുടെ ജയം ആ ഗോൾ ഉറപ്പിക്കുകയും ചെയ്തു.
ഈ ജയം ഡെൽഹിയെ ഏഴു പോയന്റിൽ എത്തിച്ചു. അഞ്ചു പോയന്റ് മാത്രമുള്ള ചെന്നൈയിനെ മറികടന്ന് ഒരു സ്ഥാനം മുന്നിലെത്താനും ഡെൽഹിക്കായി.