കുതിപ്പ് തുടരാൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്ന് ഡൽഹിയിൽ

Staff Reporter

ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ കുതിപ്പ് തുടരാൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്ന് ഡൽഹി ഡൈനാമോസിനെ നേരിടും. ഡൽഹിയുടെ ഹോം ഗ്രൗണ്ടായ ഡൽഹി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.

തങ്ങളുടെ ആറാം മത്സരത്തിന് ഇറങ്ങുന്ന ഡൽഹി തങ്ങളുടെ സീസണിലെ ആദ്യ ജയം തേടിയാണ് ഇറങ്ങുന്നത്. അവസാന മത്സരത്തിൽ മുംബൈയോട് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോറ്റാണ് ഡൽഹി ഇന്നിറങ്ങുന്നത്. ഗോൾ കണ്ടെത്താൻ വിഷമിക്കുന്ന ആക്രമണ നിരയാണ് ഡൽഹിയുടെ തലവേദന. ആകെ നേടിയ 3 ഗോളിൽ രണ്ടും പ്രതിരോധ താരങ്ങളിൽ നിന്നായിരുന്നു എന്നത് അവരുടെ ആക്രമം നിരയുടെ കുറവ് എടുത്തു കാണിക്കുന്നുണ്ട്.

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആവട്ടെ ഈ സീസണിൽ തോൽവിയറിയാതെ കുതിക്കുകയാണ്. സ്വന്തം ഗ്രൗണ്ടിൽ ജാംഷെഡ്‌പൂറിനോട് സമനില വഴങ്ങിയാണ് നോർത്ത് ഈസ്റ്റ് ഇന്നിറങ്ങുന്നത്. പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്  ഇന്നത്തെ മത്സരം ജയിച്ചാൽ എഫ്.സി ഗോവയെ മറികടന്ന് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താം. മികച്ച ഫോമിലുള്ള ക്യാപ്റ്റൻ ഓഗ്ബെചെയിലാണ് നോർത്ത് ഈസ്റ്റിന്റെ പ്രതീക്ഷകൾ. ഇതുവരെ അഞ്ചു ഗോളുകൾ അടിച്ചു കൂട്ടിയ ഓഗ്ബെചെ മികച്ച ഫോമിലാണ്.