കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ആഗ്രഹിച്ചത് പോലെ ഡേവിഡ് ജെയിംസ് പുറത്തായി. കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഡേവിഡ് ജെയിംസുമായുള്ള കരാർ അവസാനിപ്പിച്ചെന്ന് ഔദ്യോഗികമായി അറിയിച്ചു. ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റ്വ് ദയനീയ പ്രകടനമാണ് ജെയിംസിന്റെ ജോലി പോകാൻ കാരണം. സീസണിൽ ഇതുവരെ ആകെ ഒരു ജയമാണ് കേരള ബ്ലാസ്റ്റേഴ്സിന് സ്വന്തമാക്കാൻ ആയത്.
ലീഗ് പകുതിയിൽ അധികം കഴിഞ്ഞിട്ടും എട്ടാം സ്ഥാനത്ത് നിൽക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ സീസണിൽ റെനെ മുളൻസ്റ്റീന് പകരക്കാരനായായിരുന്നു ജെയിംസ് എത്തിയത്. ജെയിംസിന്റെ വരവ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ ഈ സീസണിൽ ജെയിംസിന് ഒക്കെ കൈവിട്ടു പോവുകയായിരുന്നു. അവസാന 11 മത്സരങ്ങളിൽ ഒന്നു പോലും ജയിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് ആയിരുന്നില്ല.
ജെയിംസിന് കീഴിലെ ഫുട്ബോളും ആരാധകരുടെ വലിയ എതിർപ്പിന് കാരണമായിരുന്നു. കഴിഞ്ഞ സീസൺ അവസാനം മൂന്ന് വർഷത്തെ കരാർ കേരള ബ്ലാസ്റ്റേഴ്സ് ജെയിംസിൻ നൽകിയിരുന്നു. എന്നാൽ അത്രകാലം ക്ലബിൽ നിൽക്കാൻ ജെയിംസിനായില്ല. അവസാന മത്സരത്തിൽ മുംബൈ സിറ്റിയോട് 6-1 എന്ന വൻ പരാജയം കൂടെ നേരിട്ടതോടെ ജെയിംസിന്റെ ബ്ലാസ്റ്റേഴ്സ് യാത്ര ഇനിയും തുടരേണ്ടതില്ല എന്ന് മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു.
ലീഗിൽ 12 മത്സരങ്ങളിൽ നിന്ന് വെറും 9 പോയന്റ് മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ ഉള്ളത്. ജെയിംസിന്റെ ക്ലബിനൊപ്പം ഉള്ള യാത്രയ്ക്ക് സി ഇ ഒ വരുൺ നന്ദി പറഞ്ഞു. പുതുതായി ആര് ബ്ലാസ്റ്റേഴ്സിലേക്ക് എത്തുമെന്ന് ഇപ്പോൾ വ്യക്തമല്ല.