കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസൺ തുടക്കം ഓർമ്മിപ്പിക്കുന്നത് കഴിഞ്ഞ സീസൺ തന്നെ ആണെന്ന് പറയാം. റെനെ മുളൻസ്റ്റീന്റെ കീഴിലെ ആ സീസൺ തുടക്കം കേരള ബ്ലാസ്റ്റേഴ്സ് ഇഷ്ടപ്പെടുന്ന ഒന്നായിരുന്നില്ല. എന്നാൽ സീസൺ തുടങ്ങി ആറ് മത്സരങ്ങൾ കഴിയുമ്പോൾ ഈ സീസണും ആ പഴയ സീസൺ പോലെ ആണ് പോകുന്നത്. ഡേവിഡ് ജെയിംസും റെനെയും തമ്മിൽ ഒരു മാറ്റവും പോയന്റ് ടേബിളിൽ കാണാൻ കഴിയുന്നില്ല.
റെനെയ്ക്ക് ലീഗിലെ തന്റെ ആദ്യ 6 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 1 ജയം, 4 സമനില, 1 തോൽവി എന്നായിരുന്നു റെക്കോർഡ്. ഡേവിഡ് ജെയിംസിന്റെ ഈ സീസൺ നോക്കിയാലും അതേ റെക്കോർഡ് തന്നെയാണ് കാണാൻ കഴിയുന്നത്. 6 മത്സരങ്ങൾ, ഒരു ജയം, നാലു സമനില, ഒരു തോൽവി. ഈ സീസണിൽ റെനെ കളിച്ചതിനേക്കാൾ മെച്ചപ്പെട്ട ഫുട്ബോൾ ആണ് ഡേവിഡ് ജെയിംസ് കളിക്കുന്നത് എന്നതിൽ തർക്കമില്ല. പക്ഷെ അത് യാതൊരു ഗുണവും ടേബിളിൽ ചെയ്യുന്നില്ല എന്നതാണ് സത്യം.
റെനെ മുളൻസ്റ്റീന്റെ ടീമിൽ ഒരു മധ്യനിര താരം പോലും അന്ന് ഉണ്ടായിരുന്നില്ല എന്നതും, പ്രധാന താരങ്ങൾ പലപ്പോഴും പരിക്കിന്റെ പിടിയിൽ ആയിരുന്നു എന്നതും ഓർക്കേണ്ടതുണ്ട്.
ജെയിംസ് കഴിഞ്ഞ ജനുവരി മുതൽ ടീമിനൊപ്പം ഉള്ള ആളാണ്. മികച്ച ഒരു ടീം ഒരുക്കാനും തന്റെ ടാക്ടിക്സിലേക്ക് താരങ്ങളെ കൊണ്ടു വരാനും ജെയിംസിന് ആവശ്യത്തിൽ കൂടുതൽ സമയം ലഭിച്ചിട്ടുണ്ട്. എല്ലാ പൊസിഷനിലും ഒന്നിൽ അധികം നല്ല താരങ്ങളും ഉണ്ട് എന്ന് തന്നെ പറയാം.
സീസൺ ഇപ്പോഴും തുടക്കത്തിൽ തന്നെ ആണ് എന്നതു കൊണ്ട് ജെയിംസിന് ഈ പ്രകടനം മാറ്റി ടീമിനെ മുന്നോട്ട് നയിക്കാൻ ആകുമെന്ന് പ്രതീക്ഷിക്കാം. കഴിഞ്ഞ സീസണിൽ ഏഴാം മത്സരത്തിൽ പരാജയപ്പെട്ടതോടെ ആയിരുന്നു റെനെ മുളൻസ്റ്റീനെ പുറത്താക്കാൻ മാനേജ്മെന്റ് തീരുമാനിച്ചത്. അങ്ങനെ ഒന്ന് ആവർത്തിക്കാതിരിക്കാനും കേരള ഫുട്ബോൾ ആരാധകർ ആഗ്രഹിക്കുന്നു.