നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെതിരെ മിന്നും വിജയം കരസ്ഥമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. മുംബൈ 162/9 എന്ന സ്കോറിന് മുംബൈയെ ബൗളര്‍മാര്‍ എറിഞ്ഞ് പിടിച്ച ശേഷം തുടക്കം ചെന്നൈയ്ക്ക് മോശമായിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ അമ്പാട്ടി റായിഡുവും ഫാഫ് ഡു പ്ലെസിയും ഒത്തുകൂടിയതോടെ കാര്യങ്ങള്‍ മാറി മറിയുകയായിരുന്നു.
മുംബൈ ഇന്ത്യന്‍സ് ബൗളര്‍മാരെ കടന്നാക്രമിച്ച റായിഡു തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി ചെന്നൈയെ വിജയം കൈപ്പിടിയിലൊതുക്കുന്ന നിലയിലേക്ക് എത്തിച്ചു. അവസാന ആറോവറില്‍ 58 റണ്‍സെന്ന നിലയിലെത്തുകയായിരുന്നു ഇന്നിംഗ്സിലെ രണ്ടാം ബ്രേക്കിന് പോകുമ്പോള്‍ ചെന്നൈ.
16ാം ഓവറിന്റെ അവസാന പന്തില്‍ കൂറ്റനടിയ്ക്ക് ശ്രമിച്ച റായിഡുവിനെ ബൗളര്‍ രാഹുല്‍ ചഹാര്‍ തന്നെ ശ്രമപ്പെട്ട ഒരു ക്യാച്ചിലൂടെ പിടിച്ച് പുറത്താക്കുകയായിരുന്നു. 48 പന്തില്‍ നിന്ന് 71 റണ്‍സാണ് റായിഡു നേടിയത്. 115 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഫാഫ് ഡു പ്ലെസിയുമായി ചേര്‍ന്ന് റായിഡു നേടിയത്.
റായിഡു പുറത്താകുമ്പോള്‍ അവസാന നാലോവറില്‍ 42 റണ്‍സായിരുന്നു ചെന്നൈ നേടേണ്ടിയിരുന്നത്. ജെയിംസ് പാറ്റിന്‍സണ്‍ എറിഞ്ഞ അടുത്ത ഓവറില്‍ രണ്ട് ബൗണ്ടറി അടക്കം രവീന്ദ്ര ജഡേജ വിലപ്പെട്ട റണ്‍സ് നേടിയപ്പോള്‍ ഓവറില്‍ നിന്ന് 13 റണ്‍സ് പിറന്നു.
എന്നാല്‍ 18ാം ഓവറിന്റെ ആദ്യ പന്തില്‍ ക്രുണാല്‍ പാണ്ഡ്യ രവീന്ദ്ര ജഡേജയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ ചെന്നൈ ക്യാമ്പില്‍ പരിഭ്രാന്തി പരന്നു. ജഡേജ 5 പന്തില്‍ നിന്ന് 10 റണ്‍സാണ് നേടിയത്. പിന്നീട് ക്രീസിലെത്തിയ യുവ ഇംഗ്ലണ്ട് താരം സാം കറന്‍ ഒരു സിക്സും ഒരു ഫോറും നേടിയതോടെ അവസാന രണ്ടോവറില്‍ 16 റണ്‍സെന്ന നിലയിലേക്ക് ലക്ഷ്യം മാറി. ഈ ഓവറില്‍ നിന്നും 13 റണ്‍സാണ് വന്നത്.
ജസ്പ്രീത് ബുംറ എറിഞ്ഞ 19ാം ഓവറിന്റെ ആദ്യ പന്തില്‍ സിക്സര്‍ പറത്തി സാം കറന്‍ ലക്ഷ്യം പത്ത് റണ്‍സാക്കി മാറ്റിയെങ്കിലും അടുത്ത പന്തില്‍ കറനെ പുറത്താക്കി ജസ്പ്രീത് ബുംറ പകരം വീട്ടി. 6 പന്തില്‍ നിന്ന് 18 റണ്‍സ് നേടിയ സാം കറന്റെ ഇന്നിംഗ്സ് വലിയ പ്രഭാവമുള്ള ഇന്നിംഗ്സാണ് പുറത്തെടുത്തത്. ഒരു ഫോറും രണ്ട് സിക്സുമാണ് സാം കറന്‍ നേടിയത്.
മികച്ചൊരു ക്യാച്ചാണ് ജെയിംസ് പാറ്റിന്‍സണ്‍ പൂര്‍ത്തിയാക്കിയത്. ഓവറില്‍ നിന്ന് അഞ്ച് റണ്‍സ് കൂടി നേടിയപ്പോള്‍ ട്രെന്റ് ബോള്‍ട്ട് എറിയുന്ന അവസാന ഓവറില്‍ ചെന്നൈ ജയിക്കുവാന്‍ അഞ്ച് റണ്‍സ് നേടണമെന്ന നിലയിലായി. കൈയ്യില്‍ അഞ്ച് വിക്കറ്റും.
റായിഡു പുറത്തായ ശേഷം പുറത്താകാതെ നിന്ന് തന്റെ അര്‍ദ്ധ ശതകവും ടീമിന്റെ വിജയ റണ്‍സും നേടിയ ഫാഫ് ഡു പ്ലെസിയുടെ പ്രകടനവും എടുത്ത് പറയേണ്ട ഒന്നാണ്. സമ്മര്‍ദ്ദത്തിലടിപെടാതെ തന്റെ ടീമിലെ മറ്റു താരങ്ങള്‍ക്കൊപ്പം ബാറ്റ് വീശിയ ഫാഫ് 44 പന്തില്‍ നിന്ന് 58 റണ്‍സ് നേടി ടീമിനെ അഞ്ച് വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു.