ഐപിഎൽ 2026 മിനി ലേലത്തിൽ ഉത്തർപ്രദേശ് ഓൾറൗണ്ടർ പ്രശാന്ത് വീറിനെ 14.20 കോടി രൂപയ്ക്ക് സ്വന്തമാക്കി ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ). അദ്ദേഹത്തിൻ്റെ 30 ലക്ഷം രൂപ അടിസ്ഥാന വിലയിൽ നിന്ന് തുടങ്ങി സൺറൈസേഴ്‌സ് ഹൈദരാബാദുമായി (എസ്ആർഎച്ച്) നടത്തിയ കടുത്ത ലേലപ്പോരാട്ടത്തിനൊടുവിലാണ് ഈ ആഭ്യന്തര താരത്തെ സിഎസ്‌കെ നേടിയത്.

20 വയസ്സുകാരനായ ഈ താരം ഇടംകൈയ്യൻ സ്പിന്നറും ഇടംകൈയ്യൻ ലോവർ-മിഡിൽ ഓർഡർ ബാറ്ററുമാണ്. പന്തുകൊണ്ട് നിയന്ത്രണം നൽകാനും ബാറ്റ് കൊണ്ട് മത്സരങ്ങൾ ഫിനിഷ് ചെയ്യാനുമുള്ള അപൂർവമായ കഴിവാണ് വീറിനെ മറ്റ് താരങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.
ഈ വർഷം നടന്ന യുപിടി20 സീസണിൽ വീർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 10 മത്സരങ്ങളിൽ നിന്ന് 155.34 എന്ന മികച്ച സ്ട്രൈക്ക് റേറ്റിൽ 320 റൺസ് നേടിയ അദ്ദേഹം എട്ട് വിക്കറ്റുകളും വീഴ്ത്തി. ഇത് അദ്ദേഹത്തിൻ്റെ പവർ-ഹിറ്റിംഗ് കഴിവുകൾക്ക് അടിവരയിടുന്നു. തുടർന്ന് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് 169.69 എന്ന തകർപ്പൻ സ്‌ട്രൈക്ക് റേറ്റിൽ 112 റൺസ് നേടി.









