കൂറ്റന്‍ സ്കോറിലേക്ക് കുതിയ്ക്കുകയായിരുന്നു ഐപിഎല്‍ ചാമ്പ്യന്മാരെ പിടിച്ചുകെട്ടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഒരു ഘട്ടത്തില്‍ 46/0 എന്ന നിലയില്‍ 200നടുത്തുള്ള സ്കോറിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ച മുംബൈയെ 20 ഓവറില്‍ 162 റണ്‍സില്‍ ഒതുക്കി നിര്‍ത്തുവാന്‍ ചെന്നൈയ്ക്ക് ആയിരുന്നു. 9 വിക്കറ്റാണ് മുംബൈയ്ക്ക് നഷ്ടമായത്.
ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡി കോക്കും(33) രോഹിത് ശര്‍മ്മയും മികച്ച തുടക്കം നല്‍കിയെങ്കിലും പവര്‍പ്ലേയിലെ അവസാന ഓവറുകളില്‍ ഇരുവരും പുറത്തായത് ആണ് ടീമിന് തിരിച്ചടിയായത്. 46/0 എന്ന നിലയില്‍ നിന്ന് 48/2 എന്ന നിലയിലേക്ക് വീണ മുംബൈയെ പിന്നീട് മുന്നോട്ട് നയിച്ചത് സൂര്യകുമാര്‍ യാദവ്-സൗരഭ് തിവാരി കൂട്ടുകെട്ടായിരുന്നു.
44 റണ്‍സ് നാലാം വിക്കറ്റില്‍ നേടി ശക്തമായ സ്കോറിലേക്ക് മുംബൈ എത്തുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് 17 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിനെ ദീപക് ചഹാര്‍ പുറത്താക്കിയത്. 29 റണ്‍സ് നേടിയ തിവാരി-ഹാര്‍ദ്ദിക് കൂട്ടുകെട്ട് വീണ്ടും ചെന്നൈയ്ക്ക് ഭീഷണിയാവുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ചെന്നൈ ബൗളര്‍മാരെ ഫീല്‍ഡര്‍മാര്‍ പിന്തുണച്ചപ്പോള്‍ ചെന്നൈ വീണ്ടും മത്സരത്തിലേക്ക് ശക്തമായ നിലയില്‍ തിരിച്ചെത്തി.
ഫാഫ് ഡു പ്ലെസി ബൗണ്ടറി ലൈനില്‍ നടത്തിയ തകര്‍പ്പന്‍ ക്യാച്ചുകളിലൂടെ 15ാം ഓവറില്‍ ചെന്നൈയ്ക്ക് രണ്ട് വിക്കറ്റ് ലഭിയ്ക്കുകയായിരുന്നു. സൗരഭ് തിവാരിയെ ആദ്യ പന്തിലും അഞ്ചാം പന്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും പുറത്താകുകയായിരുന്നു. 31 പന്തില്‍ നിന്ന് 42 റണ്‍സാണ് സൗരഭ് തിവാരി നേടിയത്. സമാനമായ രീതിയില്‍ അടുത്ത ക്യാച്ചില്‍ ഹാര്‍ദ്ദിക്കിനെയും ഫാഫ് പിടിച്ചു പുറത്താക്കി. ഹാര്‍ദ്ദിക് 14 റണ്‍സാണ് നേടിയത്.
അപകടകാരിയായ കീറണ്‍ പൊള്ളാര്ഡിനെയുള്പ്പെടെ(18) ഇന്നിംഗ്സിന്റെ അവസാനത്തോടെ മൂന്ന് വിക്കറ്റ് നേടി ലുംഗിസാനി ഗിഡിയും മികവ് പുലര്‍ത്തിയപ്പോള്‍ അവസാന ഓവറുകളില്‍ റണ്‍സ് കണ്ടെത്തുവാന്‍ മുംബൈ പ്രയാസപ്പെട്ടു. താന്‍ എറിഞ്ഞ ആദ്യ ഓവറില്‍ 18 റണ്‍സ് വഴങ്ങിയ ലുംഗിസാനിയുടെ തുടക്കം മോശമായെങ്കിലും ശേഷിക്കുന്ന മൂന്ന് ഓവറില്‍ 20 റണ്‍സ് മാത്രം വിട്ട് നല്കി താരം 3 വിക്കറ്റ് നേടി.
ചെന്നൈയ്ക്ക് വേണ്ടി ലുംഗിസാനി ഗിഡി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ രവീന്ദ്ര ജഡേജ, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടും സാം കറന്, പിയൂഷ് ചൗള എന്നിവര്‍ ഓരോ വിക്കറ്റും നേടി.