ക്രൊയേഷ്യ സൃഷ്ടിച്ച എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായി മോഡ്രിച് എന്നും നിലനിൽക്കും എന്ന് ഉറപ്പിച്ച് പറയാം. അത്തരത്തിൽ ഒരു പ്രകടനമാണ് ഇന്ന് നിർണായക മത്സരത്തിൽ മോഡ്രിച് നടത്തിയത്. മോഡ്രിച് സൃഷ്ടിച്ച മാന്ത്രിക നിമിഷങ്ങളുടെ ബലത്തിൽ ക്രൊയേഷ്യ പ്രീക്വാർട്ടറിലേക്ക് മാർച്ച് ചെയ്തു. സ്കോട്ലൻഡിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ക്രൊയേഷ്യ ഇന്ന് മറികടന്നത്. ഒരു സുന്ദര ഗോളും ഒരു അസിസ്റ്റുമായാണ് മോഡ്രിച് ഇന്ന് ക്രൊയേഷ്യയുടെ വിജയത്തെ മുന്നിൽ നിന്ന് നയിച്ചത്.
ഇന്ന് ഗ്രൂപ്പ് ഡിയിൽ ക്രൊയേഷ്യയും സ്കോട്ലൻഡും തമ്മിൽ നടന്നത് ഒരു ജീവന്മരണ പോരാട്ടമായിരുന്നു. ഗ്രൂപ്പിൽ കേവലം ഒരു പോയിന്റുമായി മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്തും നിന്ന് കൊണ്ട് കളി ആരംഭിച്ച ഇരു ടീമുകൾക്കും ഇന്ന് വിജയം നിർബന്ധമായിരുന്നു. വിജയിക്കുന്ന ടീം പ്രീക്വാർട്ടർ ഉറപ്പിക്കും എന്ന് ഉറപ്പായിരുന്നു. മത്സരം അതുകൊണ്ട് തന്നെ ആവേശകരമായി. ആറാം മിനുട്ടിൽ മത്സരത്തിലെ ആദ്യ മികച്ച അവസരം സ്കോട്ലൻഡിന് കിട്ടി. മഗിന്നിന്റെ ഷോട്ട് ലിവകോവിച് സമർത്ഥമായി സേവ് ചെയ്തു.
17ആം മിനുട്ടിൽ കളിയിലെ ആദ്യ ഗോൾ വന്നു. ക്രൊയേഷ്യ ആണ് ലീഡ് എടുത്തത്. ജുരാനോവിചിന്റെ ഒരു ക്രോസിൽ ബോക്സിൽ വെച്ച് പെരിസിച് ഹെഡ് ചെയ്ത് സഹതാരം വ്ലാസിചിന് നൽകി. നിയർ പോസ്റ്റിൽ അദ്ദേഹം മാർഷ്യലിനെ മറികടന്ന് പന്ത് വലയിൽ എത്തിച്ചു. 23ആം മിനുട്ടിൽ ലീഡ് ഇരട്ടിയാക്കാനുള്ള ഒരു ശ്രമം ക്രൊയേഷ്യ ക്യാപ്റ്റൻ മോഡ്രിച് നടത്തി. മോഡ്രിചിന്റെ 25 യാർഡ് അകലെ നിന്നുള്ള ഷോട്ട് മാർഷ്യലിന്റെ കയ്യിൽ തട്ടി ഗോൾ ബാറിന്റെ മുകളിലൂടെ പുറത്ത് പോയി.
കളിയിലേക്ക് തിരികെ വരാൻ ആത്മാർത്ഥമായി പരിശ്രമിച്ച സ്കോട്ലൻഡ് ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പായി സമനില പിടിച്ചു. സ്കോട്ലൻഡിന്റെ ഒരു അറ്റാക്ക് തടയാൻ ശ്രമിക്കുന്നതിനിടെ ക്രൊയേഷ്യ ക്ലിയർ ചെയ്ത പന്ത് അവസാനം മക്ഗ്രെഗറിൽ എത്തി. ബോക്സിന് പുറത്ത് നിന്ന് താരമെടുത്ത ഷോട്ട് ഗോൾവലയ്ക്ക് അകത്ത് ഒരു കോർണറിൽ പതിച്ചു. സ്കോട്ലൻഡ് 25 കൊല്ലത്തിനിടയിൽ ഒരു പ്രധാന ടൂർണമെന്റിൽ നേടുന്ന ആദ്യ ഗോളായിരുന്നു ഇത്.
രണ്ടാം പകുതി 1-1 എന്ന സ്കോറിന് തുടങ്ങിയ രണ്ടു ടീമുകളും വിജയത്തിനായി പൊരുതി. രണ്ടാം പകുതിയുടെ തുടക്കത്തി വന്ന രണ്ട് ക്രൊയേഷ്യൻ അറ്റാക്കുകളും സ്കോട്ലൻഡ് കീപ്പർ മാർഷ്യൽ രക്ഷിച്ചു. എന്നാൽ 62ആം മിനുട്ടിലെ മോഡ്രിചിന്റെ ഷോട്ട് തടയാൻ മാർഷലിന് എന്നല്ല ഒരു ഗോൾ കീപ്പർക്കും ആവുമായിരുന്നില്ല. ബോക്സിന് പുറത്ത് നിന്ന് തന്റെ പുറംകാലു കൊണ്ട് മോഡ്രിച് തൊടുത്ത ഷോട്ട് വല തുളച്ചു കയറി. ഇത് ക്രൊയേഷ്യയെ 2-1ന് മുന്നിൽ എത്തിക്കുകയും ചെയ്തു.
ഏതു മത്സരവും വിജയിക്കാൻ പോന്ന ഒരു സ്റ്റണ്ണറായിരുന്നു മോഡ്രിചിന്റെ ബൂട്ടിൽ നിന്ന് വന്നത്. അവിടെ മോഡ്രിച് നിർത്തിയില്ല. 76ആം മിനുട്ടിൽ കോർണറിൽ നിന്ന് മോഡ്രിചിന്റെ അസിസ്റ്റിൽ ക്രൊയേഷ്യയുടെ മൂന്നാം ഗോൾ പിറന്നു. പെരിസിചിന്റെ ഹെഡറിൽ നിന്നായിരുന്നു ആ ഗോൾ. സ്കോട്ട്‌ലൻഡ് മറുവശത്ത് കളിയിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചു എങ്കിലും കിട്ടിയ അവസരങ്ങൾ മുതലെടുക്കാൻ അവർക്കായില്ല.
ഈ വിജയം ക്രൊയേഷ്യയെ നാലു പോയിന്റിൽ എത്തിച്ചു. 7 പോയിന്റുമായി ഇംഗ്ലണ്ട് ഗ്രൂപ്പ് ഡിയിൽ ഒന്നാമത് ഫിനിഷ് ചെയ്തു. ചെക്ക് റിപബ്ലിക്കിനും മൂന്നാമതുള്ള ക്രൊയേഷ്യക്കും 4 പോയിന്റ് വീതമാണ് അവസാന റൗണ്ട് കഴിഞ്ഞപ്പോൾ ഉള്ളത്. രണ്ട് ടീമുകളും തമ്മിൽ കളിച്ചപ്പോൾ സമനിലയിൽ ആയിരുന്നു കളി അവസാനിച്ചത്. ഗോൾ ഡിഫറൻസ് ആണെങ്കിൽ രണ്ടു ടീമുകൾക്കും തുല്യം. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ച ക്രൊയേഷ്യ ഗ്രൂപ്പിൽ രണ്ടാമതായി ഫിനിഷ് ചെയ്തു. മികച്ച മൂന്നാം സ്ഥാനക്കാരായി ചെക്ക് റിപബ്ലിക്കും അടുത്ത റൗണ്ടിലേക്ക് കടക്കും.