2003 നു ശേഷം 18 വർഷങ്ങൾക്ക് ശേഷമുള്ള പാകിസ്ഥാൻ പര്യടനം ഏകപക്ഷീയമായി ഉപേക്ഷിച്ച ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ് നടപടിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബോളർ ശുഹൈബ് അക്തർ. 3 ഏകദിന മത്സരങ്ങളും 5 ട്വന്റി ട്വന്റി മത്സരങ്ങളും അടങ്ങുന്ന പരമ്പരയിൽ നിന്നു ആദ്യ ഏകദിനം തുടങ്ങാൻ നിമിഷങ്ങൾ ബാക്കിയുള്ളപ്പോൾ ആണ് ന്യൂസിലാൻഡ് പിന്മാറുന്നത്. പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഉറപ്പ് ഉണ്ടായിട്ടും ഏകപക്ഷീയമായി സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ന്യൂസിലാൻഡ് പിന്മാറിയത്. എന്നാൽ ഈ ഭീഷണി എന്താണ് എന്ന് അവർ വ്യക്തമാക്കിയില്ല. 2009 ൽ ശ്രീലങ്കൻ ക്രിക്കറ്റ് ടീം ബസിനു നേരെയുണ്ടായ തീവ്രവാദ അക്രണത്തിനു ശേഷം പ്രമുഖ ടീമുകൾ ഒന്നും പാകിസ്ഥാൻ സന്ദർശിച്ചിരുന്നില്ല. അതിനു ഒരു മാറ്റം ആവുമായിരുന്നു ന്യൂസിലാൻഡ് പര്യടനം. അതിനിടയിൽ ആണ് ഈ പിന്മാറ്റം ഉണ്ടായത്.
ന്യൂസിലാൻഡ് പാകിസ്ഥാൻ ക്രിക്കറ്റിന്റെ അന്ത്യം കുറിച്ചു എന്നാണ് അക്തർ തുറന്നടിച്ചത്. വളരെ ദുഖകരമായ വാർത്ത ആണ് ഇതെന്നും മുൻ സൂപ്പർ താരം പ്രതികരിച്ചു. ഒപ്പം പാകിസ്ഥാൻ ഇനി ന്യൂസിലാൻഡുമായി ക്രിക്കറ്റ് കളിക്കരുത് എന്ന ആവശ്യവും റാവൽപിണ്ടി എക്സ്പ്രസ് മുന്നോട്ടു വച്ചു. പാകിസ്ഥാനെ അപമാനിക്കുക ആണ് ന്യൂസിലാൻഡ് ചെയ്തത് എന്നു പറഞ്ഞ താരം പാകിസ്ഥാൻ ഇതിനുള്ള മറുപടി ട്വന്റി ട്വന്റി ലോകകപ്പ് നേടി നൽകണം എന്നും ആവശ്യപ്പെട്ടു. ന്യൂസിലാൻഡിനെ രൂക്ഷമായി വിമർശിച്ചു മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയും രംഗത്ത് വന്നു. പരമ്പര നടന്നിരുന്നു എങ്കിൽ അത് പാകിസ്ഥാൻ ആരാധകർക്ക് സന്തോഷം പകർന്നേനെ എന്നു പ്രതികരിച്ച പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം തനിക്ക് സുരക്ഷ സേനയിൽ വിശ്വാസം ഉണ്ടെന്നും പറഞ്ഞു. കളിക്കാരുടെ സുരക്ഷയാണ് പരമ പ്രാധാന്യം എന്നു വ്യക്തമാക്കിയ ന്യൂസിലാൻഡ് ക്രിക്കറ്റ് പ്രതിനിധി പിന്മാറ്റം മാത്രമാണ് അതിനുള്ള വഴി എന്നും വ്യക്തമാക്കി.