ന്യൂസിലാൻഡിനു പിറകെ പാകിസ്ഥാൻ പര്യടനത്തിൽ നിന്നു പിന്മാറി ഇംഗ്ലണ്ടും. അടുത്ത മാസം നടക്കുന്ന പര്യടനത്തിൽ നിന്നുമാണ് പാകിസ്ഥാൻ പുരുഷ, വനിത ടീമുകൾ പിന്മാറിയത്. ഇതോടെ വലിയ പ്രതിസന്ധിയിലേക്ക് ആണ് പാകിസ്ഥാൻ ക്രിക്കറ്റ് വീണ്ടും കൂപ്പു കുത്തുന്നത്. ഒക്ടോബർ പകുതിയിൽ രണ്ടു ട്വന്റി ട്വന്റി മത്സരങ്ങൾ ആയിരുന്നു ഇംഗ്ലണ്ട് കളിക്കേണ്ടിയിരുന്നത്. അതേസമയം 2 ട്വന്റി ട്വന്റി മത്സരങ്ങൾ, 3 ഏകദിനം എന്നിവ ആയിരുന്നു ഇംഗ്ലണ്ട് വനിതകൾ പാകിസ്ഥാനിൽ കളിക്കേണ്ടിയിരുന്നത്.
കളിക്കാരുടെയും ടീമിന്റെയും സുരക്ഷ മുൻനിർത്തിയാണ് പിന്മാറ്റം എന്നു പത്രക്കുറിപ്പിൽ പറഞ്ഞ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് തങ്ങൾ പാകിസ്ഥാനോട് ഖേദവും മാപ്പും പ്രകടിപ്പിക്കുന്നത് ആയും പറഞ്ഞു. പാകിസ്ഥാനിലേക്ക് നിലവിലെ സാഹചര്യത്തിൽ പോവാൻ ടീം സുരക്ഷയെ മുൻനിർത്തി സാധിക്കില്ല എന്ന കാരണം തന്നെയാണ് ഇംഗ്ലണ്ടും ഉയർത്തുന്നത്. ഇതോടെ നിലവിലെ സാഹചര്യത്തിൽ പാകിസ്ഥാനിലേക്ക് ടീമുകളെ കളിക്കാൻ എത്തിക്കുക എന്ന ദൗത്യം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് നാൾക്കുനാൾ കഠിനമാവുകയാണ്.