കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ താരങ്ങളും സപ്പോർട്ടിങ് സ്റ്റാഫുകളും പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ പുറത്തുവിട്ട് ബി.സി.സി.ഐ. ടീമുകൾ യു.എ.ഇയിലേക്ക് യാത്ര തിരിക്കുന്നതിന് മുൻപും മത്സരങ്ങൾ അവസാനിക്കുന്നത് വരെയും താരങ്ങളും സപ്പോർട്ടിങ് സ്റ്റാഫുകളും പിന്തുടരേണ്ട മാനദണ്ഡങ്ങളാണ് ബി.സി.സി.ഐ പുറത്തുവിട്ടിരിക്കുന്നത്.
കൊറോണ വൈറസ് ബാധ പടരുന്നത് തടയാനായി തുടർച്ചായി കോവിഡ്-19 ടെസ്റ്റുകൾ നടത്താനും ബി.സി.സി.ഐ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ഓരോ ടീമുകൾക്കും വ്യത്യസ്ത ഹോട്ടലുകൾ ഒരുക്കാനും ഡ്രസിങും റൂമിലും മറ്റും സാമൂഹിക അകലം പാലിക്കാനും ബി.സി.സി.ഐ ആവശ്യപെടുന്നുണ്ട്. കൂടാതെ ടീം മീറ്റിംഗുകൾ റൂമുകളിൽ വെച്ച് നടത്താതെ പുറത്തുവെച്ച് നടത്താനും ഇലക്ട്രോണിക് ടീം ഷീറ്റുകൾ പ്രാബല്യത്തിൽ വരുത്താനും ബി.സി.സി.ഐ നിർദേശിച്ചിട്ടുണ്ട്.
ടീമുകൾ യു.എ.ഇയിലേക്ക് തിരിക്കുന്നതിന് മുൻപ് 3 ദിവസത്തിനുള്ളിൽ രണ്ട് കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആവുകയും വേണം. യാത്ര യു.എ.ഇയിൽ എത്തിയതിന് ശേഷം കളിക്കാർ മൂന്ന് കോവിഡ്-19 ടെസ്റ്റുകൾ നെഗറ്റീവ് ആവുന്നതുവരെ ടീമിലെ താരങ്ങൾ തമ്മിൽ കാണുന്നതിനും ബി.സി.സി.ഐ വിലക്ക് ഏർപെടുത്തിയിട്ടുണ്ട്. കൂടാതെ എല്ലാ ടീമുകളും ബയോ സുരക്ഷാ ഉറപ്പുവരുത്താൻ ഒരു ഡോക്ടറെ നിയമിക്കണമെന്നും ബി.സി.സി.ഐ നിർദേശിച്ചിട്ടുണ്ട്.
ഇത് കൂടാതെ ടീമിലെ മുഴുവൻ താരങ്ങളുടെയും മാർച്ച് 1 മുതലുള്ള യാത്രയുടെ വിവരങ്ങൾ ടീം ഡോക്ടറെ അറിയിക്കുകയും വേണം. കൂടാതെ കുടുംബത്തെ ഇന്ത്യൻ പ്രീമിയർ ലീഗിന് വേണ്ടി യു.എ.ഇയിലേക്ക് കൊണ്ടുവരാനുമുള്ള സമ്മതവും ബി.സി.സി.ഐ നൽകിയിട്ടുണ്ട്. അതെ സമയം കുടുംബങ്ങളും താരങ്ങൾക്കുള്ള അതെ നിർദേശങ്ങൾ പാലിക്കണമെന്നും ബി.സി.സി.ഐ നിർദേശിച്ചിട്ടുണ്ട്.