തുടർച്ചയായ ഏഴു പരാജയങ്ങൾക്ക് ശേഷം ഇഗയെ വീഴ്ത്തി കൊക്കോ ഗോഫ് സിൻസിനാറ്റി ഫൈനലിൽ

Wasim Akram

തുടർച്ചയായി ഏഴു തവണ പരാജയം ഏറ്റുവാങ്ങിയ ലോക ഒന്നാം നമ്പർ ഇഗ സ്വിറ്റെകിനെ ഒടുവിൽ പരാജയപ്പെടുത്തി 19 കാരിയായ അമേരിക്കൻ താരം കൊക്കോ ഗോഫ്. ഡബ്യു.ടി.എ 1000 സിൻസിനാറ്റി ഓപ്പൺ സെമിഫൈനലിൽ ഒന്നാം സീഡ് ആയ ഇഗയെ 7-6, 3-6, 6-4 എന്ന സ്കോറിന് ആണ് ഏഴാം സീഡ് ആയ ഗോഫ് തോൽപ്പിച്ചത്. കരിയറിൽ ആദ്യമായി ഇതോടെ 1000 ടൂർണമെന്റിൽ ഫൈനലിൽ എത്താനും ഗോഫിന് ആയി.

കൊക്കോ ഗോഫ്

ആദ്യ സെറ്റിൽ സെറ്റ് പോയിന്റുകൾ രക്ഷപ്പെടുത്തിയ ശേഷം ടൈബ്രേക്കറിലൂടെ ഗോഫ് സെറ്റ് സ്വന്തമാക്കി. തുടർച്ചയായി ഇഗക്ക് എതിരെ 14 സെറ്റുകൾ പരാജയപ്പെട്ട ശേഷം ആണ് ഗോഫ് ഇഗക്ക് എതിരെ ഒരു സീറ്റ് ജയിച്ചത്. രണ്ടാം സെറ്റ് 6-3 നു ഇഗ നേടിയപ്പോൾ 6-4 നു മൂന്നാം സെറ്റ് നേടി ഗോഫ് ഫൈനൽ ഉറപ്പിച്ചു. മത്സരത്തിൽ 6 ഏസുകൾ ഉതിർത്ത ഗോഫ് 3 തവണ ഇഗയുടെ സർവീസ് ബ്രേക്ക് ചെയ്യുകയും ചെയ്തു. സിൻസിനാറ്റി ഫൈനലിൽ കരോളിന മുചോവ, ആര്യാന സബലങ്ക മത്സരവിജയിയെ ആണ് ഗോഫ് നേരിടുക.