ഉറപ്പായ രണ്ട് പോയിന്റുകളാണ് സിഡ്നി തണ്ടറിനു ഇന്ന് നഷ്ടമായത്. ഷെയിന്‍ വാട്സണ്‍ വെടിക്കെട്ടിലൂടെ നേടിയ കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന ബ്രിസ്ബെയിന്‍ ഹീറ്റ് രണ്ട് വിക്കറ്റ് നഷ്ടമായി പ്രതിരോധത്തിലായി നില്‍ക്കവെയാണ് ബ്രിസ്ബെയിനിലെ പവര്‍കട്ടിനെത്തുടര്‍ന്ന് ഗ്രൗണ്ടിലെ ഫ്ലഡ് ലൈറ്റുകളും പണിമുടക്കിയത്. തങ്ങള്‍ക്ക് ലഭിക്കേണ്ട 2 പോയിന്റ് നേടുവാന്‍ പഠിച്ച പണി പതിനെട്ടും പയറ്റി നോക്കുവാനും സിഡ്നി തണ്ടര്‍ മടിച്ചില്ല.
ആവശ്യത്തിനു വെളിച്ചമുണ്ടെന്നും സ്പിന്നര്‍മാരെ മാത്രം പന്തെറിയിപ്പിക്കാമെന്നും സിഡ്നി കോച്ച് ഷെയിന്‍ ബോണ്ട് പറഞ്ഞു നോക്കിയെങ്കിലും മത്സരത്തില്‍ ഇരു ഇന്നിംഗ്സുകളിലും തുല്യമായ വെളിച്ചം അനിവാര്യമാണെന്ന് പറഞ്ഞ് ഡാനിയേല്‍ വെട്ടോറി ഈ ഉപാധി നിരസിക്കുകയായിരുന്നു. തങ്ങള്‍ക്ക് ക്രിക്കറ്റ് മത്സരം നടന്ന് കാണമെന്നുള്ളതിനാലാണ് ഈ സമീപനം സ്വീകരിച്ചതെന്ന് ബോണ്ട് പറഞ്ഞുവെങ്കിലും ലക്ഷ്യം രണ്ട് പോയിന്റ് തന്നെയാണെന്ന് വ്യക്തമാണ്.
എന്നാല്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടമായ ബ്രിസ്ബെയിന്‍ ഇതിലെ അപകടം മനസ്സിലാക്കി തങ്ങള്‍ക്ക് ഈ വെളിച്ചത്തില്‍ കളിക്കാനാകില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. അമ്പയര്‍മാര്‍ക്ക് വെളിച്ചം അപര്യാപ്തമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്, അതേ സമീപനം തന്നെയാണ് ഞങ്ങള്‍ക്കെന്ന് ഡാനിയേല്‍ വെട്ടോറി പറഞ്ഞു