ചെന്നൈ മറീന അരീനയിൽ ഇന്ന് നടന്നത് ഒരു ക്ലാസിക്ക് പോരാട്ടം തന്നെ ആയിരുന്നു. അടിക്ക് തിരിച്ചടി എന്ന കണക്കിന് ഗോളുകൾ മഴയായി പെയ്ത മത്സരത്തിൽ ആകെ പിറന്നത് ഏഴു ഗോളുകൾ. അതി 4-3 എന്ന സ്കോറിന് ചെന്നൈയിനെതിരെ നോർത്ത് ഈസ്റ്റിന് വിജയം. ഒരു ഘട്ടത്തിൽ വൻ പരാജയത്തിലേക്ക് പോവുകയാണെന്ന് തോന്നിയ നോർത്ത് ഈസ്റ്റ് വമ്പൻ തിരിച്ചുവരവിലൂടെ ആണ് വിജയം സ്വന്തമാക്കി മടങ്ങുന്നത്. 1-3 എന്ന സ്കോറിന് പിറകിലായിരുന്നു ഒരു ഘട്ടത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്.
ഇന്ന് ആദ്യ പകുതിയിൽ മാത്രം ആറു ഗോളുകളാണ് പിറന്നത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഓഗ്ബചെ ആണ് ആദ്യ പകുതിയിൽ തുടക്കത്തിൽ പിറകിലേക്ക് പോയ നോർത്ത് ഈസ്റ്റിന് ഈ അത്ഭുത് തിരിച്ചുവരവിന് വഴി ഒരുക്കിയത്. ആദ്യ പതിനഞ്ചു മിനുട്ടിനകം രണ്ട് ഗോളുകൾക്ക് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പിറകിൽ പോയിരുന്നു. റൗളിംഗിന്റെ കാലിൽ നിന്ന് വീണ ഓൺ ഗോളും ഒപ്പം തോയ് സിംഗിന്റെ ഗോളും കൂടി നോർത്ത് ഈസ്റ്റിന്റെ വലയിൽ കയറിയപ്പോൾ 2-0 എന്ന നിലയിലായി കളി. പക്ഷെ ഓഗ്ബചെ 29ആം മിനുട്ടിൽ ഒരു ഗോൾ മടക്കി നോർത്ത് ഈസ്റ്റിന് ആശ്വാസം നൽകി.
എന്നാൽ മൂന്ന് മിനുറ്റുകൾക്കം തോയ് സിംഗ് വീണ്ടും ചെന്നൈയിനായി വല കുലുക്കി. സ്കോർ 3-1. ഇനി ഒരു തിരിച്ചു വരവ് ഉണ്ടാകില്ല എന്ന് ചിന്തിക്കാൻ തുടങ്ങും മുമ്പ് തന്നെ ഒഗ്ബചെ ആളി കത്തി. 37ആം മിനുട്ടിലും 39ആം മിനുട്ടിലും കരൺജിതിനെ വീഴ്ത്തി പന്ത് വലയിൽ എത്തിച്ച് ഒഗ്ബചെ തന്റെ ഹാട്രിക്ക് തികച്ചു. സ്കോർ 3-3. ഈ ഐ എസ് എൽ സീസണിലെ ആദ്യ ഹാട്രിക്കായിരുന്നു ഇത്. ഐ എസ് എൽ ചരിത്രത്തിലെ വേഗതയേറിയ രണ്ടാമത്തെ ഹാട്രിക്കും. 10 മിനുട്ടിനകം ആണ് ഓഗ്ബചെ ഹാട്രിക്ക് സ്കോർ ചെയ്തത്. ഈ ഗോളോടെ ഐ എസ് എല്ലിൽ നാലു ഗോളുകളുമായി ടോപ്പ് സ്കോററുമായി ഓഗ്ബചെ.
രണ്ടാം പകുതിയിൽ ഇരുടീമും കരുതലോടെയാണ് ഇറങ്ങിയത്. ആദ്യ പകുതിയിൽ സംഭവിച്ച ഗോൾ വർഷം സംഭവിക്കരുത് എന്ന് രണ്ട് ടീമുകളും ഉറപ്പിച്ചിരുന്നു. 54ആം മിനുട്ടിൽ റൗളിംഗ് ബോർജസാണ് നോർത്ത് ഈസ്റ്റിന്റെ തിരിച്ചുവരവ് പൂർത്തിയാക്കിയത്. ബോക്സിൽ നിന്ന് ഒരു ലൂസ് ബോൾ സ്വീകരിച്ച് ഒരു കിടിലൻ പ്ലേസിംഗ് ഷോട്ടിലൂടെ ബോർജസ് പന്ത് ലക്ഷ്യത്തിൽ എത്തിച്ചു. കളിയുടെ തുടക്കത്തിൽ തനിക്ക് പറ്റിയ അബദ്ധത്തിൽ പിറന്ന ഓൺ ഗോളിനുള്ള പ്രായശ്ചിത്തം കൂടുയായി ബോർജസിന്റെ ഗോൾ.
ജയത്തോടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ലീഗിൽ ഏഴു പോയന്റുമായി ഒന്നാമത് എത്തി. മൂന്നിൽ മൂന്നും പരാജയപ്പെട്ട് നിൽക്കുകയാണ് ചാമ്പ്യന്മാരായ ചെന്നൈയിൻ.