ഐ ലീഗ് ആവേശകരമായ അവസാനത്തിലേക്ക്. ഇന്ന് ലീഗ് ടോപ്പർമാരായ ചർച്ചിൽ ബ്രദേഴ്സും ഇന്റർ കാശിയും പരസ്പരം ഏറ്റുമുട്ടിയ മത്സരം 2-2 എന്ന സമനിലയിൽ പിരിഞ്ഞു. ഇന്ന് വിജയിച്ചിരുന്നുവെങ്കിൽ ചർച്ചിൽ ബ്രദേഴ്സിന് കിരീടം സ്വന്തമാക്കാമായിരുന്നു. അവസാന നിമിഷം നേടിയ ഗോളിലാണ് ചർച്ചിൽ ബ്രദേഴ്സ് സമനില സ്വന്തമാക്കിയത്.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 57ആം മിനിറ്റിൽ മൊറൈനേയിലൂടെ ചർച്ചിൽ ലീഡ് നേടി. എന്നാൽ 63ആം മിനിറ്റിൽ ലാൽറണ്ടികയും 65ആം മിനുട്ടിൽ സ്റ്റൊഹാനോവിചും നേടിയ ഗോളുകൾ ഇന്റർക്കാശിയെ 2-1ന് മുന്നിലെത്തിച്ചു. മത്സരം ഇഞ്ചുറി ടൈം വരെ ആ ലീഡിൽ തുടർന്നു. എന്നാൽ ഇഞ്ച്വറി ടൈമിന്റെ അവസാന നിമിഷം ചർച്ചിൽ ബ്രദേഴ്സ് സമനില ഗോൾ കണ്ടെത്തി. റാൾട്ടെ ആയിരുന്നു 95ആം മിനിട്ടിൽ സമനില നേടിയത്.
ഇതോടെ ചർച്ചിൽ ബ്രദേശ്ഴ്സും ഇന്റർ കാശിയും 39 പോയിന്റുമായി ഒന്നാമത് നിൽക്കുകയാണ്. ഇത് നാലാം സ്ഥാനത്തുള്ള ഗോകുലം കേരളയ്ക്ക് പ്രതീക്ഷകൾ നൽകുന്നു. ഗോകുലത്തിന് രണ്ടു മത്സരങ്ങൾ ബാക്കിയിരിക്കെ ഗോകുലം 34 പോയിന്റുമായി നാലാം സ്ഥാനത്ത് നിൽക്കുകയാണ്. ഗോകുലം ഇന്ന് ശ്രീനിധിക്കെതിരെ വിജയിക്കുകയാണെങ്കിൽ ഗോകുലം 37 പോയിന്റുമായി ചർച്ചിലിനും ൽ തൊട്ടു പുറകിലത്തും.
ഇത് അവസാന മാച്ച് വീക്കിൽ ഗോകുലത്തിനും കിരീട പ്രതീക്ഷകൾ നൽകും. ചർച്ചിൽ അവസാന മത്സരത്തിൽ റിയൽ കാശ്മീരിനെ ആണ് നേരിടുന്നത്. ഗോകുലത്തിന് ഡെമ്പോ ആണ് അവസാന മത്സരത്തിലെ എതിരാളികൾ.