സാഫ് കപ്പിൽ അവസാനം ഇന്ത്യ ഫോമിൽ എത്തി. ഇന്ന് നിർണായക മത്സരത്തിൽ ആതിഥേയരായ മാൽഡീവ്സിനെ തകർത്തു കൊണ്ടാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഇരട്ട ഗോളുകളുടെ ബലത്തി 3-1നായിരുന്നു ഇന്ത്യയുടെ വിജയം. ഈ വിജയത്തോടെ ഒന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യ ഫൈനലിലേക്ക് മുന്നേറി. 33ആം മിനുട്ടിൽ മൻവീറിന്റെ ഒരു ലോകോത്തര സ്ട്രൈക്കിലൂടെ ആയിരുന്നു ഇന്ത്യ ലീഡ് എടുത്തത്. പ്രയാസകരമായ ഒരു ആങ്കിളിൽ നിന്നായിരുന്നു മൻവീറിന്റെ സ്ട്രൈക്ക്.
ആദ്യ പകുതി അവസാനിക്കും മുമ്പ് ഒരു പെനാൾട്ടിയിൽ നിന്ന് മാൽഡീവ്സ് ക്യാപ്റ്റൻ അലി അഷ്ഫഖ് മാൽഡീവ്സിന് സമനില നൽകി. രണ്ടാം പകുതിയിൽ ആയിരുന്നു ഛേത്രി ഹീറോ ആയി അവതരിച്ചത്. 62ആം മിനുട്ടിൽ അപുയിയയിൽ നിന്ന് മൻവീറിലേക്കും, മൻവീറിൽ നിന്ന് ചേത്രിയിലേക്കും പന്ത് എത്തി. ഇന്ത്യൻ ക്യാപ്റ്റൻ ഒട്ടു പിഴക്കാതെ പന്ത് വലയിൽ എത്തിച്ച് ഇന്ത്യക്ക് ലീഡ് നൽകി.
71ആം മിനുട്ടിൽ സുനിൽ ഛേത്രി തന്നെ ഇന്ത്യയുടെ ലീഡ് ഇരട്ടിയാക്കി. ഒരു മനോഹരമായ ഹെഡറിൽ നിന്നായിരുന്നു ഛേത്രിയുടെ രണ്ടാം ഗോൾ. ഛേത്രിയുടെ ഇന്ത്യക്ക് ആയുള്ള 79ആം ഗോൾ ആയിരുന്നു ഇത്. ഈ ടൂർണമെന്റിൽ ഇന്ത്യ നേടിയ അഞ്ചു ഗോളിൽ നാലും ഛേത്രി ആണ് നേടിയത് ഈ ഗോൾ ഇന്ത്യയുടെ വിജയം ഉറപ്പിച്ചു.
ഒക്ടോബർ 16ന് നടക്കുന്ന ഫൈനലിൽ ഇന്ത്യ നേപ്പാളിനെ ആണ് നേരിടുക. നേരത്തെ നേപ്പാളിനെ നേരിട്ടപ്പോൾ ഇന്ത്യക്ക് ആയിരുന്നു വിജയം.