ഇന്ത്യൻ പ്രീമിയർ ലീഗിൽ 200 മത്സരങ്ങൾ കളിക്കുന്ന ആദ്യ താരമെന്ന നേട്ടത്തിനരികെ സി.എസ്.കെ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി. ഇന്ന് രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സ് ഇറങ്ങുമ്പോൾ അത് ഐ.പി.എല്ലിൽ ധോണിയുടെ 200മത്തെ മത്സരമാവും.
2008 മുതൽ ചെന്നൈ സൂപ്പർ കിങ്സിൽ ഉള്ള മഹേന്ദ്ര സിംഗ് ധോണി ഇതുവരെ കളിച്ച മത്സരങ്ങളിൽ എല്ലാം ചെന്നൈ സൂപ്പർ കിങ്സിനെ നയിച്ചിട്ടും ഉണ്ട്. അതെ സമയം വാതുവെപ്പിനെ തുടർന്ന് ചെന്നൈ സൂപ്പർ കിങ്സിനെ ഐ.പി.എല്ലിൽ നിന്ന് വിലക്കിയ സമയത്ത് ധോണി റൈസിംഗ് പൂനെ സൂപ്പർ ജിയന്റിന് വേണ്ടിയാണ് കളിച്ചത്. 30 മത്സരങ്ങളാണ് ഈ കാലഘട്ടത്തിൽ ധോണി പൂനെക്ക് വേണ്ടി കളിച്ചത്.
12 സീസണുകളിലായി ധോണി 183 മത്സരങ്ങൾ ക്യാപ്റ്റനായാണ് കളിച്ചത്. കൂടാതെ ചെന്നൈ സൂപ്പർ കിങ്സിനെ കളിച്ച എല്ലാ സീസണിലും പ്ലേ ഓഫിൽ എത്തിക്കാനും ധോണിക്കായിട്ടുണ്ട്. ചെന്നൈ സൂപ്പർ കിങ്സിനെ 8 ഫൈനലുകളിൽ എത്തിച്ച ധോണി 3 ഐ.പി.എൽ കിരീടവും അവർക്ക് വേണ്ടി നേടികൊടുത്തിട്ടുണ്ട്. 197 ഐ.പി.എൽ മത്സരങ്ങൾ കളിച്ച മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ഏറ്റവും കൂടുതൽ ഐ.പി.എൽ മത്സരങ്ങൾ കളിച്ചവരിൽ രണ്ടാം സ്ഥാനത്ത്.