ചെന്നൈ അടുത്ത പത്ത് വര്‍ഷത്തേക്കുള്ള ടീമിലേക്ക് മാറേണ്ട സമയമായി – ധോണി

Sports Correspondent

ചെന്നൈ തങ്ങളുടെ അടുത്ത പത്ത് വര്‍ഷത്തേക്കുള്ള ടീമിനെ സൃഷ്ടിച്ചെടുക്കേണ്ട സമയമായെന്ന് പറഞ്ഞ് എംഎസ് ധോണി. തങ്ങളുടെ കോര്‍ ഗ്രൂപ്പില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്നും എന്നാല്‍ ബിസിസിഐ മെഗാ ലേലം നടത്തുവാന്‍ തയ്യാറാകുന്നുണ്ടോ ഇല്ലയോ എന്നതിനെ ആശ്രയിച്ചായിരിക്കും ഈ തീരുമാനമെന്നും ചെന്നൈ നായകന്‍ വ്യക്തമാക്കി.

ചില മാറ്റങ്ങള്‍ വരുത്തി ഐപിഎലില്‍ അടുത്ത തലമുറയിലേക്ക് ടീമിനെ കൈമാറേണ്ട സമയം ആയെന്നാണ് ചെന്നൈ നായകന്‍ പറയുന്നത്. അതിനായി ടീമില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട് എന്നും ധോണി വ്യക്തമാക്കി. ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ നയവും അതായിരിക്കുമെന്നും അടുത്ത പത്ത് വര്‍ഷത്തേക്കുള്ള ശക്തമായ കോര്‍ ഗ്രൂപ്പിനെ സൃഷ്ടിച്ചെടുക്കുക എന്നതാവും ടീമിന്റെ ലക്ഷ്യമെന്നും ധോണി കൂട്ടിചേര്‍ത്തു.

2021 സീസണില്‍ സ്വാഭാവികമായും പുതിയ മെഗാ ലേലം നടക്കേണ്ടതാണെങ്കിലും കൊറോണയുടെ സാഹചര്യത്തില്‍ ബിസിസിഐ ലേലവുമായി മുന്നോട്ട് പോകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്ന കാര്യം.