ഈ ഐ പി എൽ ചെന്നൈ സൂപ്പർ കിംഗ്സും ധോണിയും മറക്കാൻ ആഗ്രഹിക്കുന്ന ഐ പി എൽ ആയി മാറിയിരിക്കുകയാണ്. മറ്റൊരു നാണക്കേടിന്റെ രാത്രി ആയിരുന്നു ഇന്ന് ചെന്നൈക്ക്. മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിംഗ്സിനെ പത്ത് വിക്കറ്റിനാണ് ഇന്ന് തോൽപ്പിച്ചത്. ചെന്നൈ ഉയർത്തിയ 115 റൺസിന്റെ വിജയ ലക്ഷ്യം അനായാസം തന്നെ മുംബൈ ഇന്ത്യൻസ് കണ്ടെത്തി.
ഓപ്പണിംഗിൽ എത്തിയ ഇഷാൻ കിഷന്റെ തകർപ്പൻ പ്രകടനം ആണ് മുംബൈ ഇന്ത്യൻസിന്റെ വിജയം എളുപ്പമാക്കിയത്. വെറും 12.2 ഓവറിൽ ലക്ഷ്യം കണ്ടെത്താൻ മുംബൈക്ക് അയി. ഇഷൻ കിഷൻ 68 റൺസുമായി ടോപ്പ് സ്കോറർ ആയി. വെറും 37 പന്തുകളിൽ നിന്നായിരുന്നു കിഷന്റെ ഇന്നിങ്സ്. അഞ്ച് സിക്സും ആറ് ഫോറും ഇഷൻ അടിച്ചു. 37 പന്തിൽ 46 റൺസുമായി ഡി കോക്കും കിഷന് പിന്തുണ നൽകി.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സിനെ 9 വിക്കറ്റ് നഷ്ടത്തിൽ 114 എന്ന സ്കോറിൽ പിടിച്ചു നിർത്താൻ മുംബൈക്ക് ആയിരുന്നു. ചെന്നൈ നിരയിൽ 52 റൺസ് നേടി സാം കറൻ നടത്തിയ ഒറ്റയാൾ പോരാട്ടം മാത്രമാണ് ഇന്ന് പ്രതിരോധമായി ഉണ്ടായിരുന്നത്. 18 റൺസ് കൊടുത്ത് ചെന്നൈയുടെ നാല് വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോൾട്ട് ആണ് ഇന്നത്തെ യഥാർത്ഥ വിജയ ശില്പി. നാല് ഓവറിൽ 22 റൺസ് വിട്ട് നൽകിയ രാഹുൽ ചഹാർ 2 വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. നാല് ഓവർ എറിഞ്ഞ ബുംമ്ര 25 റൺസ് വിട്ട് കൊടുത്ത് 2 വിക്കറ്റ് വീഴ്ത്തി. നാഥാൻ കോൾട്ടർ-നൈൽ 25 റൺസ് നൽകി ഒരു വിക്കറ്റും വീഴ്ത്തി.