അന്ന് മ്യൂണിച്ച്, ഇന്ന് പോർട്ടോ.. രണ്ട് നഗരങ്ങളിലും ചെൽസിയുടെ നീല്ലക്കൊടി പാറിപറന്നു!! യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും വലിയ കിരീടമായ ചാമ്പ്യൻസ് ലീഗിൽ മുത്തമിടാൻ ടൂഹലിനും അദ്ദേഹത്തിന്റെ ടീമിനും ഇന്നായി. പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചായിരുന്നു ചെൽസി കിരീടത്തിലേക്ക് എത്തിയത്. ചെൽസിയുടെ രണ്ടാം ചാമ്പ്യൻസ് ലീഗ് കിരീടമാണിത്.
ഇന്ന് തുടക്കത്തിൽ തുല്യ ശക്തികളുടെ പോരാട്ടമാണ് കണ്ടത്. അറ്റാക്ക് ചെയ്യാൻ തന്നെ ഉറച്ചാണ് രണ്ടു ടീമുകളും കളിച്ചത്. അതുകൊണ്ട് തന്നെ ഫൈനൽ വിരസമായില്ല. തുടക്കത്തിൽ സിറ്റി മത്സരം നിയന്ത്രിച്ചു എങ്കിലും തുറന്ന അവസരങ്ങൾ ലഭിച്ചത് ചെൽസിക്കായിരുന്നു. രണ്ട് നല്ല അവസരങ്ങൾ വെർണറിനു ലഭിച്ചു എങ്കിലും സീസണിൽ ഉടനീളം കണ്ടതുപോലെ വെർണർ അവസരങ്ങൾ നഷ്ടപ്പെടുത്തി.
ആദ്യ പകുതിയിൽ സീനിയർ താരം തിയാഗോ സിൽവ പരിക്കേറ്റ് പുറത്തു പോയത് ചെൽസിക്ക് ക്ഷീണമായി. എങ്കിലും ആദ്യ പകുതി സന്തോഷത്തിൽ അവസാനിപ്പിച്ചത് ചെൽസി തന്നെ ആയിരുന്നു. 42ആം മിനുട്ടിൽ ചെൽസി ലീഡ് എടുത്തു. ഫുൾബാക്കായ മൗണ്ടിന്റെ ഒരു മനോഹര പാസ് ഹവേർട്സിൽ എത്തുമ്പോൾ എഡേഴ്സൺ മാത്രമേ അദ്ദേഹത്തിന് മുന്നിൽ ഉണ്ടായിരുന്നുള്ളൂ. ഫസ്റ്റ് ടച്ചിൽ തന്നെ എഡേഴ്സണെ മറികടന്ന് കൊണ്ട് ഒഴിഞ്ഞ വലയിലേക്ക് കായ് ഹവേർട്സ് പന്തെത്തിച്ചു. ചെൽസി 1-0 മാഞ്ചസ്റ്റർ സിറ്റി.
രണ്ടാം പകുതിയിൽ സമനില പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ സിറ്റിക്ക് അവരുടെ ഏറ്റവും ക്രിയേറ്റീവ് താരമായ ഡി ബ്രുയിനെ നഷ്ടപ്പെട്ടു. പരിക്കേറ്റായിരുന്നു ഡി ബ്രുയിൻ കളം വിട്ടത്. ഇത് സിറ്റിയുടെ താളം തെറ്റിച്ചു. ഫെർണാണ്ടീനോയും ജീസുസിനെയും കളത്തിൽ ഇറക്കി പെപ് ഫോർമേഷൻ മാറ്റി. മറുവശത്ത് പുലിസിചിനെ ഇറക്കി ടൂഹലും മാറ്റം വരുത്തി.
മാഞ്ചസ്റ്റർ സിറ്റി അറ്റാക്ക് ചെയ്തു എങ്കിലും കൗണ്ടറിലൂടെ മികച്ച അവസരം വന്നത് ചെൽസിക്കായിരുന്നു. 72ആം മിനുട്ടിൽ ഹവേർട്സും പുലിസിചും ചേർന്ന് നടത്തിയ മികച്ച നീക്കം പക്ഷെ പുലിസിചിന്റെ മോശം ഫിനിഷിങ് ടച്ചിൽ പുറത്തേക്ക് പോയി. തൊട്ടടുത്ത നിമിഷം മറുവശത്ത് സ്റ്റെർലിംഗ് ബോക്സിലേക്ക് നടത്തിയ മനോഹര റണ്ണിലും ഗോൾ പിറന്നില്ല. തുടർന്ന് സിറ്റിയിൽ അവസാന മത്സരത്തിനായി ഇറങ്ങുന്ന അഗ്വേറോ സബ്ബായി എത്തി. എന്നിട്ടും വലിയ കാര്യമുണ്ടായില്ല. അഗ്വേറോയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്ന ചാമ്പ്യൻസ് ലീഗ്
കിരീടം ഇല്ലാതെ തന്നെ അഗ്വേറോക്ക് സിറ്റി കരിയർ അവസാനിപ്പിക്കേണ്ടി വന്നു.
ഫുൾ ടൈം വിസിൽ വന്നപ്പോൾ സിറ്റിയുടെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം എന്ന സ്വപ്നം തകർന്നു. ചെൽസിക്ക് ടൂഹലിന്റെ കീഴിലെ ആദ്യ കിരീടവും ഉറപ്പായി. അവസാന രണ്ടു മാസത്തിനിടയിൽ ഇത് മൂന്നാം തവണയാണ് ടൂഹലിന് മുന്നിൽ പെപ് ഗ്വാർഡിയോള പരാജയപ്പെടുത്തുന്നത്.