മാഞ്ചസ്റ്റർ യുണൈറ്റഡ് വിങ്ങർ ഗാർനാച്ചോയെ സ്വന്തമാക്കാൻ ആയി ചെൽസി നീക്കങ്ങൾ ശക്തമാക്കി. ഇരു ക്ലബ്ബുകളും തമ്മിലുള്ള ചർച്ചകൾ അതിവേഗം പുരോഗമിക്കുകയാണ്. ഈ സമ്മറിൽ ചെൽസിയിലേക്ക് മാറാനോ അല്ലെങ്കിൽ യുണൈറ്റഡിൽ തുടരാനോ മാത്രമാണ് താരം ആഗ്രഹിക്കുന്നത്. മറ്റ് ക്ലബ്ബുകളുടെ താൽപ്പര്യങ്ങൾ അദ്ദേഹം തള്ളിക്കളഞ്ഞു.

യൂറോപ്പ ലീഗ് ഫൈനലിൽ ഗാർനാച്ചോയെ സബ്സ്റ്റിറ്റ്യൂട്ടായി ഇരുത്തിയതിന് ശേഷം യുണൈറ്റഡ് മാനേജർ റൂബെൻ അമോറിം പരസ്യമായി ഒരു പുതിയ ക്ലബ് കണ്ടെത്താൻ താരത്തോട് ആവശ്യപ്പെട്ടത് മുതൽ ഇരുവരും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഈ സാഹചര്യത്തിൽ താരത്തിന്റെ മൂല്യം കുറച്ച് ഗാർനാച്ചോയെ സ്വന്തമാക്കാനാണ് ചെൽസി ശ്രമിക്കുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന് 55 മില്യൺ പൗണ്ടാണ് വിലയിട്ടിരുന്നത്. എന്നാൽ ചെൽസിയുമായുള്ള ചർച്ചകൾക്ക് ശേഷം അത് 40 മില്യൺ പൗണ്ടിലേക്കും, 30 മില്യൺ പൗണ്ടും ആഡ്-ഓൺസുമായി കുറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. ആർബി ലെപ്സിഗ് സ്ട്രൈക്കർ ബെഞ്ചമിൻ സെസ്കോയെ സ്വന്തമാക്കാനുള്ള നീക്കത്തിലാണ് യുണൈറ്റഡ്. 76.5 മില്യൺ യൂറോയും ആഡ്-ഓൺസും നൽകിയാണ് ഈ സൈനിംഗ് പൂർത്തിയാക്കാൻ ശ്രമിക്കുന്നത്. സെസ്കോയുടെ വരവോടെ ഗാർനാച്ചോക്ക് യുണൈറ്റഡിന് പുറത്തേക്കുള്ള വഴി തുറക്കും.