ആദ്യം ചഹാര്‍, പിന്നെ താഹിര്‍, അവസാന ഓവറില്‍ ബ്രാവോ, ചെന്നൈ സൂപ്പര്‍ തന്നെ

Sports Correspondent

ചെന്നൈയുടെ ഇന്നത്തെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചത് രണ്ട് ബൗളര്‍മാരാണ്. അവര്‍ക്കൊപ്പം അവസാന ഓവറിലെ പ്രകടനത്തിലൂടെ ബ്രാവോയും ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണാകയ പ്രകടനം പുറത്തെടുക്കുകകായയിരുന്നു. ബാറ്റിംഗില്‍ എംഎസ് ധോണിയുടെ ചിറകിലേറിയാണ് ചെന്നൈ മുന്നേറിയതെങ്കിലും ബൗളിംഗില്‍ അത് ദീപക് ചഹാറും ഇമ്രാന്‍ താഹിറുമാണ്.

പവര്‍ പ്ലേയ്ക്കുള്ളില്‍ തന്റെ സ്പെല്ലിലെ മൂന്നോവറും എറിഞ്ഞ ദീപക് ചഹാര്‍ തന്റെ നാലാം ഓവറും എറിഞ്ഞ് പൂര്‍ത്തിയാക്കിയപ്പോള്‍ വിട്ട് നല്‍കിയത് വെറും 19 റണ്‍സാണ്. നേടിയതാകട്ടെ രണ്ട് നിര്‍ണ്ണായക രാജസ്ഥാന്‍ റോയല്‍സ് വിക്കറ്റും. ടോപ് ഓര്‍ഡറില്‍ അജിങ്ക്യ രഹാനയെയും സഞ്ജു സാംസണെയുമാണ് ദീപക് ചഹാര്‍ വീഴ്ത്തിയത്.

മധ്യ ഓവറുകള്‍ രാജസ്ഥാന്‍ തിരിച്ചുവരവിനു ശ്രമിക്കുന്ന ഘട്ടത്തിലാണ് രാഹുല്‍ ത്രിപാഠിയെയും സ്റ്റീവന്‍ സ്മിത്തിനെയും പുറത്താക്കി ഇമ്രാന്‍ താഹിറും കളം നിറഞ്ഞത്. താഹിര്‍ തന്റെ നാലോവറില്‍ 23 റണ്‍സിനാണ് രണ്ട് വിക്കറ്റ് നേടിയത്. അതില്‍ അവസാന ഓവറില്‍ വഴങ്ങിയ സിക്സും ഉള്‍പ്പെടുന്നു.

ഇവര്‍ക്കൊപ്പം അവസാന ഓവറില്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഡ്വെയിന്‍ ബ്രാവോയും എത്തിയപ്പോള്‍ ജയം ചെന്നൈ സൂപ്പര്‍ കിംഗ്സിനൊപ്പം നിന്നു.