ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരവും വിജയിച്ച് ബ്രസീൽ പ്രീക്വാർട്ടറിലേക്ക് മുന്നേറി. ഇന്ന് സ്വിറ്റ്സർലാന്റിനെ നേരിട്ട ബ്രസീൽ ഏക ഗോളിനാണ് വിജയിച്ചത്. മത്സരം അവസാനിക്കാൻ ഏഴു മിനുട്ട് മാത്രം ബാക്കിയിരിക്കെ കസെമിറോ ആണ് ബ്രസീലിന് ആയി വിജയ ഗോൾ നേടിയത്.
ബ്രസീൽ ഇന്ന് രണ്ട് മാറ്റങ്ങളുമായാണ് കളത്തിൽ ഇറങ്ങിയത്. നെയ്മറിന്റെ അഭാവം ബ്രസീലിന്റെ അറ്റാകിംഗ് നീക്കങ്ങളുടെ എണ്ണം കുറക്കുന്നതായി ആദ്യ പകുതിയിൽ തോന്നു. സ്വിറ്റ്സർലാന്റ് ഡീപ്പ് ആയി ഡിഫൻഡ് ചെയ്തത് കൊണ്ട് തന്നെ അറ്റാക്കിംഗ് റൺ നടത്താനുള്ള സ്പേസുകൾ ബ്രസീലിന് കുറവായിരുന്നു. വലതു വിങ്ങിൽ നിന്ന് റാഫിഞ്ഞ നൽകിയ ഒരു മികച്ച പാസിൽ നിന്നാണ് ബ്രസീലിന്റെ ആദ്യ നല്ല അവസരം വന്നത്.
വിനീഷ്യസ് ജൂനിയറിന് അളന്നു മുറിച്ചു കൊടുത്ത ആക്രോസ് പക്ഷെ വിനീഷ്യസിന് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. യാൻ സോമർ അനായാസം ആ പന്ത് സേവ് ചെയ്തു. യാൻ സമ്മർ 31ആം മിനുട്ടിൽ റാഫിഞ്ഞയുടെ ലോങ് റേഞ്ചറും സേവ് ചെയ്തു.
രണ്ടാം പകുതിയിൽ ടിറ്റെ ബ്രൂണൊയെയും റോഡ്രിഗോയെയും കളത്തിൽ എത്തിച്ചു. ബ്രസീൽ അവസരങ്ങൾ സൃഷ്ടിക്കാൻ പ്രയാസപ്പെട്ടപ്പോൾ സ്വിറ്റ്സർലാന്റ് പതിയെ അവസരങ്ങൾ സൃഷ്ടിച്ചു തുടങ്ങി. സ്വിറ്റ്സർലാന്റ് കളിയിലേക്ക് വരികയാണെന്ന് തോന്നിച്ച സമയത്താണ് ബ്രസീൽ ഗോൾ നേടുന്നത്. 64ആം മിനുട്ടിൽ വിനീഷ്യസിലൂടെ ആണ് ബ്രസീൽ ഗോൾ നേടിയത്. ബ്രസീൽ ആ ഗോൾ ആഘോഷിച്ചു എങ്കിലും ബിൽഡ് അപ്പിൽ ഓഫ് സൈഡ് ഉണ്ടെന്ന് VAR കണ്ടെത്തി.
ഗോൾ കണ്ടെത്താൻ ആകാത്തതോടെ ആന്റണിയും ജീസുസും ബ്രസീലിനായി കളത്തിൽ എത്തി. കഴിഞ്ഞ മത്സരത്തിലെ ഹീറോ റിച്ചർലിസൺ പുറത്തു പോയി. എന്നിട്ടും സ്വിസ് ആർമിയുടെ ഡിഫൻസിനു പരിക്കേൽപ്പിക്കാൻ ബ്രസീൽ പ്രയാസപ്പെട്ടു.
അവസാനം അവരുടെ ഡിഫൻസീവ് മിഡ്ഫീൽഡർ കസമേറോ വേണ്ടി വന്നു സ്വിസ് ഡിഫൻസ് പൊട്ടിക്കാൻ. 83ആം മിനുട്ടിൽ റോഡ്രിഗോയുടെ പാസിൽ നിന്ന് ഒരു വൺ ടച്ച് ഫിനിഷ്. ഏത് കളിയും ജയിക്കാൻ മാത്രം മനോഹരമായ സ്ട്രൈക്ക്. ഈ ഗോൾ ബ്രസീലിന് പ്രീക്വാർട്ടർ യോഗ്യതയും വിജയവും ഉറപ്പിച്ചു.
ഈ ജയത്തോടെ ബ്രസീലിന് 6 പോയിന്റ് ആയി. സ്വിറ്റ്സർലാന്റിന് 3 പോയിന്റ് ആണുള്ളത്.