തുറന്ന ഗാലറിക്ക് കീഴിൽ തൊണ്ണൂരായിരം കാണികളേയും മാനത്തെ താരകങ്ങളെയും സാക്ഷിയാക്കി ക്രൈഫും മറഡോണയും മുതൽ സാക്ഷാൽ ലയണൽ മെസ്സി വരെ എക്കാലത്തെയും പ്രതിഭകൾ മായാജാലം തീർത്ത ആ പുൽത്തകിടികളിൽ ഇനി ഒന്നര വർഷത്തോളം പന്തനക്കം ഉണ്ടാവില്ല. നിർമാണ ശേഷമുള്ള ഏറ്റവും വലിയ മുഖം മിനുക്കലിന് വേണ്ടി ക്യാമ്പ്ന്യൂ താല്ക്കാലികമായി അടച്ചിടുമ്പോൾ, ഓർമയാവുന്നത് ബാഴ്‌സക്കും ആർധകർക്കും എന്നെന്നും ഓർക്കാൻ ഒരുപിടി ഓർമകൾ സമ്മാനിച്ച യൂറോപ്പിലെ ഏറ്റവും കൂടുതൽ സിറ്റിങ് കപ്പാസിറ്റിയുള്ള സ്റ്റേഡിയം. ഇന്ത്യൻ സമയം ഇന്ന് രാത്രി 10.30ന് ആരംഭിക്കുന്ന മയ്യോർക്കയുമായുള്ള മത്സരത്തോടെ ടീമിലെ പ്രമുഖ താരങ്ങൾക്കുള്ള യാത്രയയപ്പ് കൂടി നൽകുന്ന ബാഴ്‌സയുടെ ചരിത്രത്തിൽ ഇന്നേ ദിവസം രേഖപ്പെടുത്തുമെന്ന കാര്യത്തിൽ സംശയമില്ല. മത്സരത്തിന് രണ്ടു മണിക്കൂർ മുൻപെ ആരംഭിക്കുന്ന ചടങ്ങുകളോടെ അർഹിക്കുന്ന വിടവാങ്ങൽ “പഴയ” ക്യാമ്പ് ന്യൂവിനും സെർജിയോ ബുസ്ക്വറ്റ്സിനും ജോർഡി ആൽബക്കും നൽകാൻ ആണ് ടീം തയ്യാറെടുക്കുന്നത്. ലയണൽ മെസ്സിക്കും ക്ഷണമുണ്ടെങ്കിലും താരം പങ്കെടുക്കുമോയെന്ന കാര്യത്തിൽ ഉറപ്പില്ല.
മത്സരത്തിൽ ബാഴ്‌സലോണ പ്രത്യക ജേഴ്‌സിയാണ് അണിയുക. “ഫുൾ ഓഫ് ഹിസ്റ്ററി, ഫുൾ ഓഫ് ഫ്യൂച്ചർ” എന്ന് സ്പാനിഷിൽ ജേഴ്സിയിൽ ആലേഖനം ചെയ്തിട്ടുണ്ടാവും. സ്റ്റേഡിയത്തിന് വേണ്ടി യാത്രയയപ്പ് ഗാനവും ഉണ്ടാവും. സ്റ്റേഡിയത്തിന്റെ ഉൽഘാടന മത്സരത്തിൽ കളിച്ച താരങ്ങളുടെ പേരുകൾ അന്നൗൺസ് ചെയ്യും. കാണികളോടും കഴിയുന്നതും ബാഴ്‌സലോണ ജേഴ്‌സി അണിഞ്ഞു തന്നെ എത്താൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. മത്സരത്തിന്റെ ഹാഫ്ടൈമിൽ സ്പാനിഷ് ഗായകൻ ലിൽഡാമി ആരാധകർക്ക് മുന്നിൽ പാട്ടുമായി എത്തും. മത്സര ശേഷം ബുസ്ക്വറ്റ്സിനും ആൽബക്കും യാത്രയയപ്പ് വിഡീയോയും കറ്റാലൻ നൃത്തവും സ്റ്റേഡിയത്തിൽ അരങ്ങേറും. എസ്പായി ബാഴ്‌സ പ്രോജക്ടിന്റെ ഭാഗമായി ഉള്ള മുഖം മിനിക്കലിന് ശേഷം അടുത്ത നവംബറിൽ മാത്രമേ ക്യാമ്പ് ന്യൂവിൽ വീണ്ടും പന്തുരുണ്ടു തുടങ്ങുകയുള്ളൂ. വീണ്ടും രണ്ടു വർഷമെങ്കിലും എടുക്കും സ്റ്റേഡിയത്തിന്റെ മുഴുവൻ പുനരുദ്ധാരണവും തീരാനും സ്റ്റേഡിയം കപ്പാസിറ്റി മുഴുവനായി ഉപയോഗപ്പെടുത്താനും. തുറന്ന ഗാലറിയിൽ ചരിത്ര നിമിഷങ്ങൾ ചേർത്തു വെച്ച സ്റ്റേഡിയത്തിനോട് വേദനയോടെയല്ലാതെ ടീമിന് വിടവാങ്ങാൻ സാധിക്കില്ല.